കുഞ്ഞാണി മുസ്‌ലിയാര്‍: പൈതൃകനിരയിലെ പ്രൗഢപ്രതാപി
തികഞ്ഞ പണ്ഡിതനും അപാരമായ പ്രതിഭാധനനുമായിരുന്നു വിടപറഞ്ഞ പി. കുഞ്ഞാണി മുസ്‌ലിയാര്‍. കേരള മുസ്‌ലിംകള്‍ക്ക് വിശ്വാസപരവും കര്‍മപരവുമായി നേതൃത്വം നല്‍കാന്‍ പൂര്‍വസൂരികള്‍ സംവിധാനിച്ചുതന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃനിരയിലെ മഹനീയ സാന്നിധ്യമായിരുന്നു അദ്ദേഹം. വൈജ്ഞാനിക രംഗത്തും പ്രാസ്ഥാനിക രംഗത്തും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ വിയോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്. ഏറെ വിനയാന്വിതനായി ഇടപെടുന്ന അദ്ദേഹം വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോഴും ചര്‍ച്ചയില്‍ ഇടപെടുമ്പോഴും വളരെ സൂക്ഷ്മമായി മാത്രമേ സംവദിച്ചിരുന്നുള്ളൂ. എന്നാല്‍, അദ്ദേഹത്തിന്റെ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും ഏറെ വിലപ്പെട്ടതും എല്ലാവരാലും അംഗീകരിക്കപ്പെടുന്നതുമായിരിക്കും. ഞങ്ങള്‍ക്കിടയിലെ വ്യക്തിബന്ധം ഏറെ ഊഷ്മളമായിരുന്നു.
കെ.ടി മാനു മുസ്‌ലിയാരേയും കെ.കെ അബ്ദുല്ല മുസ്‌ലിയാരേയും പോലെ പ്രശസ്തരായ നിരവധി പണ്ഡിതന്‍മാര്‍ക്ക് ജന്മം നല്‍കിയ കിഴക്കനേറനാട്ടിലെ പാരമ്പര്യ പണ്ഡിത കുടുംബമായ പൊറ്റയില്‍ തറവാട്ടിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. മഖ്ദൂം പരമ്പരയില്‍ പെട്ട ഖാസി കുടുംബത്തിലേക്കാണ് പൊറ്റയില്‍ കുടുംബ വേരുകള്‍ ചെന്നെത്തുന്നത്. പഴയകാലത്ത് പൊന്നാനിയില്‍ നിന്ന് ഉള്‍ഗ്രാമങ്ങളിലേക്കും മുസ്‌ലിം അധീന പ്രദേശങ്ങളിലേക്കും മതപരമായ നേതൃത്വം നല്‍കാന്‍ മഖ്ദൂമുമാര്‍ പലരേയും അയച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പൊന്നാനി വേരുള്ള പണ്ഡിതകുടുംബങ്ങളെ കാണാവുന്നതാണ്. ആ കൂട്ടത്തില്‍ ചരിത്രം എല്ലാ കാലത്തും ഓര്‍ക്കുന്ന ഒരു കുടുംബമാണ് പൊറ്റയില്‍ കുടുംബം. സമൂഹത്തില്‍ അവര്‍ നേടിയെടുത്ത സ്വാധീനവും നാട്ടില്‍ അവരുടെ സാന്നിധ്യം തീര്‍ത്ത ഉണര്‍വും നമ്മുടെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന അധ്യായങ്ങളാണ്.
1940ലാണ് കുഞ്ഞാണി മുസ്‌ലിയാര്‍ കരുവാരക്കുണ്ടിനടുത്ത പുത്തനഴി പുത്തന്‍കുളത്ത് ജനിക്കുന്നത്. വലിയ പണ്ഡിതനും പൗരപ്രമുഖനുമായിരുന്ന പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്‌ലിയാരുടേയും ഉമ്മുആഇശക്കുട്ടിയുടേയും മകനായി ജനിച്ച കുഞ്ഞാണി മുസ്‌ലിയാര്‍, കുടുംബ താവഴിയനുസരിച്ച് ചെറുപ്പത്തിലേ മതപഠന രംഗത്തേക്ക് തിരിഞ്ഞു. ഓത്തുപള്ളിയിലെ പഠനത്തിനു ശേഷമാണ് ദര്‍സീ രംഗത്തേക്ക് തിരിഞ്ഞത്. മഹല്ല് പള്ളിയായ എടപ്പറ്റ ജുമാമസ്ജിദ്, ഏപ്പിക്കാട് ജുമാമസ്ജിദ്, കണ്ണൂര്‍ പുല്ലൂക്കര മസ്ജിദ്, കരുവാരകുണ്ട് ജുമാമസ്ജിദ്, തുവ്വൂര്‍ ജുമാമസ്ജിദ്, പയ്യനാട് ജുമാമസ്ജിദ്, ചാലിയം തുടങ്ങിയ പ്രസിദ്ധമായ പള്ളി ദര്‍സുകളില്‍ നിന്നാണ് അദ്ദേഹം വിദ്യനുകര്‍ന്നത്. പുലാമന്തോള്‍ മയമുണ്ണി മുസ്‌ലിയാര്‍, പ്രസിദ്ധ പണ്ഡിതനും പരിശുദ്ധ മക്കയിലും മദീനയിലും പോയി വിദ്യ കരസ്ഥമാക്കി തിരിച്ചെത്തിയ അരിപ്ര മൊയ്തീന്‍ ഹാജി, തുവ്വൂര്‍ കുഞ്ഞി മുസ്‌ലിയാര്‍, പ്രസിദ്ധരായ നിരവധി പണ്ഡിതരുടെ ഗുരുവര്യനായ കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ഫള്ഫരി കുട്ടി മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നാണ് ദര്‍സീ വിദ്യാഭ്യാസം കരസ്ഥമാക്കിയത്. 1963ല്‍ തെന്നിന്ത്യയിലെ ഉന്നത കലാലയമായ വേലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലെത്തിയ അദ്ദേഹം, 1965ല്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടി തിരിച്ചെത്തി.
നീണ്ടകാലത്തെ അധ്യയന ജീവിതത്തിനു ശേഷം മഞ്ചേരിക്കടുത്ത മുടിക്കോട് ജുമാമസ്ജിദിലാണ് കുഞ്ഞാണി മുസ്‌ലിയാരുടെ അധ്യാപന ജീവിതം തുടങ്ങുന്നത്. കുറഞ്ഞ കാലം മുടിക്കോട് മുദരിസും ഖാസിയുമായി സേവനം ചെയ്ത അദ്ദേഹം പിന്നീട് ജന്മനാടിനടുത്ത പുത്തനഴി പള്ളിയില്‍ ഖാസിയും മുദരിസുമായി. മരണം വരെ പുത്തനഴിയിലെ ഖാസി സ്ഥാനം തുടര്‍ന്നു. നാടിന്റെ പരിസര മഹല്ലുകളില്‍ അദ്ദേഹം ഖാസിയും മേല്‍ഖാസിയുമായി സേവനം ചെയ്തിരുന്നു. പുത്തനഴിയിലെ നീണ്ട കാലത്തെ ദര്‍സിനു ശേഷം പിന്നീടദ്ദേഹം സ്വന്തം വീട്ടില്‍ തന്നെ ദര്‍സുമായി കൂടുകയായിരുന്നു. സ്വന്തം വസതിയെ അറിവിന്റെ പ്രസരണത്തിനായി തെരെഞ്ഞെടുത്ത അപൂര്‍വം ചിലരെ മാത്രമേ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയൂ. അതില്‍ നമ്മുടെ കാലത്ത് ജീവിച്ച്, നമുക്കിടയിലൂടെ നടന്ന, ആ വിനയാന്വിതനായ കുഞ്ഞാണി മുസ്‌ലിയാരെ നമുക്ക് കാണാം. വീട്ടു ദര്‍സില്‍ നമ്മള്‍ കാണുന്ന ഗുരുകുല വിദ്യാഭ്യാസത്തിന്റെ നല്ല മാതൃകകള്‍ കുഞ്ഞാണി മുസ്‌ലിയാരിലൂടെ നമുക്ക് കാണാവുന്നതാണ്. മുദരിസുമാരും ഖാസിമാരും ബിരുദധാരികളും അല്ലാത്തവരുമായ നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ വീട്ടു ദര്‍സിലെ പഠിതാക്കളും സന്ദര്‍ശകരുമായിരുന്നു. കര്‍മശാസ്ത്രപരമായ സംശയ നിവാരണത്തിനും മന്‍ത്വിഖ്, മഗാനി പോലുള്ള കിതാബുകളിലെ പ്രയാസമുള്ള ഭാഗങ്ങള്‍ സരളമായി മനസ്സിലാക്കാനും അവര്‍ കുഞ്ഞാണി മുസ്‌ലിയാരെ തെരഞ്ഞെടുത്തത് ആ മഹാന്റെ വിശാലമായ അറിവിന്റെയും അപഗ്രഥനത്തിന്റെയും പ്രാപ്തി കൊണ്ടു തന്നെയായിരുന്നു. ജാമിഅയിലെ അധ്യാപനകാലത്ത് പ്രതിഫലം പറ്റാതെയായിരുന്നു അദ്ദേഹം സേവനം ചെയ്തത്. കെ.ടി മാനു മുസ്‌ലിയാരുടെ വിയോഗാനന്തരമാണ് കുഞ്ഞാണി മുസ്‌ലിയാര്‍ തന്റെ ദൗത്യം തിരിച്ചറിഞ്ഞ് മറ്റുള്ളവരുടെ നിര്‍ബന്ധ പൂര്‍ണമായ അഭ്യര്‍ഥന മാനിച്ച് സംഘടനാ രംഗത്ത് സജീവമാകുന്നത്. മാനു മുസ്‌ലിയാര്‍ക്ക് ശേഷം സമസ്തയുടെ മലപ്പുറം ജില്ലാകമ്മിറ്റിയുടെ കാര്യദര്‍ശിയായി തെരഞ്ഞെടുക്കപ്പെട്ടതും മഹാനവര്‍കളേയായിരുന്നു.
വിശാലമായ ഭൂസ്വത്തിനുടമയായിരുന്ന അദ്ദേഹം മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു. പണ്ഡിതനായ കര്‍ഷകനും കര്‍ഷകനായ പണ്ഡിതനും എന്നും പറയുന്നതാവും ശരി. നിരന്തര അധ്വാനിയായ അദ്ദേഹം മികച്ച വായനക്കാരനും മതപരവും മതേതരവുമായ വിഷയങ്ങളില്‍ ദീര്‍ഘദൃഷ്ടിയുള്ള കാഴ്ചപ്പാടിനുടമയുമായിരുന്നു. സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെയും സമസ്തക്കു കീഴിലുള്ള നിരവധി സംരംഭങ്ങളുടേയും ഉന്നമനത്തിനായി നേതൃപരമായ പങ്കുവഹിച്ചിരുന്നു അദ്ദേഹം.
നമ്മുടെ നേതാക്കളായ മഹത്തുക്കള്‍ ഓരോരുത്തരായി വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. ജീവിതകാലത്ത് അവര്‍ കാണിച്ചു തന്ന മഹത്തായ വഴികളാണ് നമ്മുടെ മുന്നോട്ടുള്ള ഗമനത്തിന്റെ ഊര്‍ജമായി വര്‍ത്തിക്കേണ്ടത്. മഹാനായ ശൈഖുനാ ശംസുല്‍ ഉലമ മുന്നില്‍ നിന്ന് നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇവിടെ സുന്നത്ത് ജമാഅത്തിന്റെ കാവല്‍ക്കാരായി ഇവിടെ നിലനില്‍ക്കണം. അതിനു വേണ്ടിയാണ് നമ്മുടെ പൂര്‍വസൂരികളായി മഹത്തുക്കള്‍ യത്‌നിച്ചത്. അത്തരം യത്‌നങ്ങളാണ് കുഞ്ഞാണി മുസ്‌ലിയാര്‍ ജീവിതത്തിലുടനീളം നിര്‍വഹിച്ചത്. അത് സമസ്തക്കും സുന്നത്ത് ജമാഅത്തിനും വേണ്ടിയുള്ള മഹത്തായ യത്‌നങ്ങളായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴാണ് ആ വിനയ സാന്നിധ്യത്തിന്റെ വിടവ് നമുക്ക് ബോധ്യപ്പെടുന്നത്. അല്ലാഹു അവരോടൊപ്പം സ്വര്‍ഗലോകത്ത് നമ്മേയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."