ടി.സിയും സ്‌കൂള്‍ മാറ്റവും വിദ്യാര്‍ഥിയുടെ അവകാശം: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതും ടി.സി വാങ്ങി മാറിപ്പോകുന്നതും കുട്ടികളുടെ അവകാശമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ നിയന്ത്രണങ്ങളും തടസങ്ങളും സൃഷ്ടിക്കുകയോ അത്തരം വ്യവസ്ഥകള്‍ പ്രോസ്‌പെക്ടസില്‍ രേഖപ്പെടുത്തുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അത്തരം വ്യവസ്ഥകള്‍ക്ക് നിയമപ്രാബല്യം ഇല്ലെന്നും കമ്മിഷന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പൊതു വിദ്യാഭാസ സെക്രട്ടറിയും ഡയരക്ടറും നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ഥിയോ രക്ഷാകര്‍ത്താവോ ആവശ്യപ്പെടുന്നതിനുസരിച്ച് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്ഥാപന അധികാരികള്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികാരികള്‍ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുന്നത് തികഞ്ഞ ബാലാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
കുട്ടികള്‍ക്ക് നല്‍കിയ സേവനത്തിന്റെ പ്രതിഫലം മാത്രമേ അധികാരികള്‍ക്ക് ആവശ്യപ്പെടാനാകൂ. ഏത് ക്ലാസില്‍ വച്ചും പിരിഞ്ഞുപോകാനുള്ള അവകാശം കുട്ടിക്കും രക്ഷിതാവിനുമുണ്ട്. ഇത് തടയുന്ന പ്രോസ്‌പെക്ടസിലെ പരാമര്‍ശം നിയമത്തിനു മുന്നില്‍ നിലനില്‍ക്കില്ല.
നിലമ്പൂര്‍ ഗുഡ് ഷെപ്പേഡ് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂളില്‍ പത്താം തരം പാസായ കുട്ടികള്‍ക്ക് ഉന്നതപഠനത്തിനായി ടി.സി നല്‍കുന്നതിന് പ്രോസ്‌പെക്ടസില്‍ രേഖപ്പെടുത്തിയ പ്രകാരം ഒരു ലക്ഷം രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെതിരേ രക്ഷിതാക്കള്‍ നല്‍കിയ പരാതി തീര്‍പ്പാക്കിയാണ് കമ്മിഷന്‍ സുപ്രധാന ശുപാര്‍ശ പുറപ്പെടുവിച്ചത്. എട്ടാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ് വരെ അതേ സ്‌കൂളില്‍ പഠിക്കണമെന്നും മാറിപ്പോകുന്നവര്‍ അഞ്ച് വര്‍ഷത്തെ ഫീസ് അടയ്ക്കണമെന്നും പ്രോസ്‌പെക്ടസില്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."