ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വസ്ത്ര വ്യാപാരിയുടെ കാര്‍ തട്ടിയെടുത്തതായി പരാതി
നിലമ്പൂര്‍: ചുങ്കത്തറയില്‍ വസ്ത്ര വ്യാപാരിയുടെ കാര്‍ യുവാവ് തട്ടിയെടുത്തതായി പരാതി. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലെ സര്‍ജനാണെന്ന് പരിചയപ്പെടുത്തി സൗഹൃദം നടിച്ച യുവാവാണ് ചുങ്കത്തറ കടവത്ത് നജീബിന്റെ ഡിസൈര്‍ കാര്‍ കൈവശപ്പെടുത്തിയത്. ഡോ. റാഷിദ് എന്ന പേരില്‍ ഇടക്ക് ട്രിപ്പ് വിളിച്ച പരിചയത്തിലാണ് കാര്‍ നല്‍കിയത്.
ചുങ്കത്തറയിലെത്തിയ ഇയാള്‍ സ്വന്തം കാര്‍ വര്‍ക്ക്‌ഷോപ്പിലാണെന്നും കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കാനാണെന്നും പറഞ്ഞാണ് തട്ടിയെടുത്തത്. സെപ്റ്റംബര്‍ ആറിനാണ് സംഭവം. പരിചയത്തിന്റെ പേരിലും പെരിന്തല്‍മണ്ണ ആശുപത്രിയിലെ ഡോക്ടറാണെന്ന് ധരിച്ചതിനാലും സംശയം തോന്നിയില്ല. ചുങ്കത്തറയിലെ ടാക്‌സി ഡ്രൈവറായ ആന്റണിയെയും കൂട്ടി പെരിന്തല്‍മണ്ണയിലെ കാഷ്യാലിറ്റിയിലെത്തിയ ശേഷമാണ് കാര്‍ കൈവശപ്പെടുത്തിയത്.
പിറ്റേദിവസം മുതല്‍ നജീബ് ഇയാളുടെ നമ്പറില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. അന്വേഷണത്തിനിടെ ഇത്തരത്തില്‍ ഒരു ഡോക്ടര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ഇല്ലെന്ന് മനസിലായി. ഡോക്ടര്‍ ആണെന്ന് ധരിപ്പിച്ച് ഇയാള്‍ സംസ്ഥാനത്ത് ഇത്തരം നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി മനസ്സിലായതോടെ ഉടമ എടക്കര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഇയാള്‍ നിലമ്പൂര്‍ പാടിക്കുന്ന് സ്വദേശിയാണെന്ന് പറയുന്നു. മഞ്ചേരിയില്‍ ഭാര്യയുണ്ട്. നിരവധി യുവതികളെ സോഷ്യല്‍ മീഡിയ വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണവും പണവും കബളിപ്പിച്ചതായും പരാതിയുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന സുമുഖനായ ചെറുപ്പക്കാരന്‍ പയ്യോളിയിലും തട്ടിപ്പ് നടത്തി മുങ്ങിയതിന് കേസുണ്ട്.
എടക്കര ഇന്‍സ്‌പെക്ടര്‍ സുനില്‍പുളിക്കലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അനേഷണം തുടങ്ങി, സ്‌പെഷല്‍ സ്‌ക്വാഡ് എഎസ്‌ഐ എം. അസൈനാര്‍,സി.പി.ഒമാരായ പി സജീഷ്, സഞ്ജീവ് മഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പ്രതി കട്ടപ്പനയില്‍വച്ച് പൊലിസിന്റെ വലയിലായതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."