നൂറ് കതിര്‍ക്കുലകള്‍ സമര്‍പ്പിച്ച് എം.ടിയ്ക്ക് കുട്ടികളുടെ സ്‌നേഹാദരം
തിരൂര്‍: ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണകള്‍ ജ്വലിച്ച് നില്‍ക്കുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പിലേക്ക് കതിര്‍ക്കുലകളുമായെത്തി കാവ്യതിരുവാതിരയും അവതരിപ്പിച്ച് മലയാളം പള്ളിക്കൂടത്തിലെ വിദ്യാര്‍ഥികള്‍ മലയാളത്തിന്റെ സുകൃതമായ എം.ടിയ്ക്ക് ആദരമര്‍പ്പിച്ചു.
തിരുവനന്തപുരം മലയാളം പള്ളിക്കൂടത്തിലെ ബ്ലാക്ക് ബോര്‍ഡില്‍ എം.ടി വാസുദേവന്‍ നായര്‍ കോറിയിട്ട വാക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ ഔദ്യോഗിക ഭാഷാപ്രതിജ്ഞയായി പ്രഖ്യാപിച്ചതിലുള്ള സന്തോഷം പങ്കിടാനാണ് എം.ടിയും കുട്ടികളും ഇന്നലെ തുഞ്ചന്‍പറമ്പില്‍ ഒത്തുകൂടിയത്. തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക കേന്ദ്രത്തിന്റെയും മലയാളം പള്ളിക്കൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ഒത്തുചേരല്‍.
മലയാളം പള്ളിക്കൂടത്തിലെ സാഹിത്യക്കളരിയാണ് വിദ്യാര്‍ഥികള്‍ക്കായി കഥയുടെ പെരുന്തച്ചനുമായുള്ള സമാഗമമൊരുക്കിയത്. കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളില്‍ എം.ടിയുടെ 85-ാം പിറന്നാളിന് അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സംഗമം പ്രളയം കാരണം മാറ്റിവച്ചതിനാല്‍ തുഞ്ചന്‍ പറമ്പ് വേദിയാകുകയായിരുന്നു. എം.ടിയ്ക്ക് നൂറു കതിര്‍ക്കുലകള്‍ സമര്‍പ്പിച്ചായിരുന്നു ആദരം. എഴുത്തച്ഛന്‍ മുതല്‍ സുഗതകുമാരി വരെയുള്ള കവികളുടെ കവിതാഭാഗങ്ങള്‍ കോര്‍ത്തിണക്കി എ.ബി ശ്രീഭ ചിട്ടപ്പെടുത്തിയ കാവ്യതിരുവാതിരയും എം.ടിയ്ക്കുള്ള ആദരമായി അവതരിപ്പിച്ചു.
എന്‍.കെ സുനില്‍കുമാര്‍, ബിജു ബാലകൃഷ്ണന്‍, സനല്‍ ഡാലുമുഖം തുടങ്ങിയവര്‍ കാവ്യാര്‍ച്ചന നിര്‍വഹിച്ചു. മലയാളം പള്ളിക്കൂടം അധ്യക്ഷന്‍ വി. മധുസൂദനന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. പ്രൊഫ. അയിലം ഉണ്ണികൃഷ്ണന്‍, കെ.പി രാമനുണ്ണി, ആര്‍ട്ടിസ്റ്റ് ഭട്ടതിരിപ്പാട്, ജെസി നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."