കുഴല്‍ കിണറുകള്‍ വറ്റി കരുവാറ്റയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി
ഹരിപ്പാട്: ജല അതോറിറ്റിയുടെ കുഴല്‍ക്കിണറുകളില്‍ വെള്ളം വറ്റിയതിനാല്‍ കരുവാറ്റ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഇതോടെ കുടിവെള്ളം എത്തിക്കുന്നതിനായി റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയ കിയോസ്‌കുകള്‍ നോക്കുകുത്തികളായി.
വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് പഞ്ചായത്തില്‍ അനുഭവപെടുന്നത്. കന്നുകാലിപ്പാലത്തെ രണ്ട് പമ്പ്ഹൗസുകളില്‍നിന്നാണ് പഞ്ചായത്തില്‍ വെള്ളം കിട്ടിക്കൊണ്ടിരുന്നത്. ജലലഭ്യത തീരെ കുറഞ്ഞതിനാല്‍ തുടര്‍ച്ചയായി പമ്പിങ് നടത്താന്‍ കഴിയുന്നില്ല.
ഇതിനാല്‍ പൊതുടാപ്പുകളിലൂടെ വല്ലപ്പോഴും നൂല്‍പോലെ വെള്ളം കിട്ടിയെങ്കിലായി. വെള്ളത്തിനായി ടാപ്പുകള്‍ക്ക് മുന്നില്‍ പാത്രങ്ങള്‍ നിരത്തിവച്ചിരിക്കുന്നത് കരുവാറ്റയിലെ പതിവുകാഴ്ചയാണ്. കരുവാറ്റയിലെ ഒറ്റപ്പെട്ട തുരുത്തായ കാരമുട്ട്, തൈവീട്, വക്കാണച്ചാല്‍, കുറ്റിത്തറ, കന്നുകാലിപ്പാലം, ഹസ്‌കാപുരം, ഊട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളത്തിന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ളത്. കാരമുട്ടിലാണെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വെള്ളം കിട്ടുന്നില്ല.
ഇവിടങ്ങളിലുള്ളവര്‍ വള്ളങ്ങളില്‍ കുന്നുമ്മ, മുക്കട തുടങ്ങിയ സ്ഥലങ്ങളില്‍ പോയാണ് വെള്ളം ശേഖരിക്കുന്നത്. റവന്യൂ വകുപ്പിന്റെ സഹായത്തോടെ കുടിവെള്ളവിതരണം നടത്താന്‍ പലതവണ താലൂക്ക് സഭയില്‍ തീരുമാനമായതാണ്. ടാങ്കറില്‍ വെള്ളം കൊണ്ടുവന്ന് കുടിവെള്ള കിയോസ്‌കുകളില്‍ നിറയ്ക്കുന്ന പദ്ധതിയായിരുന്നു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കാരമുട്ട്, കുറ്റിത്തറ, വക്കാണച്ചാല്‍ എന്നിവിടങ്ങളിലേക്കായിരുന്നു കിയോസ്‌കുകള്‍. ജനുവരിയില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചെങ്കിലും ഇതുവരെയും വെള്ളം നിറച്ചിട്ടില്ല. കാരമുട്ടിലേക്കുള്ള കിയോസ്‌ക് വഴിയമ്പലത്തില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കാരമുട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 18 ലക്ഷം രൂപയുടെ പദ്ധതിക്ക് പഞ്ചായത്ത് അംഗീകാരം നല്‍കിയതായി പ്രസിഡന്റ് സി.സുജാത പറഞ്ഞു. കാരമുട്ടില്‍ പുതിയ കുഴല്‍ക്കിണര്‍ സ്ഥാപിച്ച് കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."