ജില്ലയിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് സമാപിക്കും
മാനന്തവാടി: സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. മുന്ന് വനം ഡിവിഷനുകളെ 63 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടക്കുന്നത്.
നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗുര്‍ റെയ്ഞ്ചില്‍ 13ഉം, പേര്യ റെയ്ഞ്ചില്‍ ഒന്‍പതും മാനന്തവാടി റെയ്ഞ്ചിലെ നാലുബ്ലോക്കുകളും ഉള്‍പ്പെടെ 26 ബ്ലോക്കുകളും, വയനാട് വന്യജീവി സങ്കേതത്തില്‍ തോല്‍പ്പെട്ടി, മുത്തങ്ങ, കുറിച്ച്യാട് എന്നിവിടങ്ങളില്‍ അഞ്ചുവീതവും ബത്തേരിയില്‍ ആറ് ബ്ലോക്ക് ഉള്‍പ്പെടെ 21 എണ്ണത്തിലും, സൗത്ത് വയനാട് ഡിവിഷനില്‍ കല്‍പ്പറ്റ റെയ്ഞ്ചില്‍ ഏഴും മേപ്പാടി മൂന്നും ചെതലയത്ത് ആറും ഉള്‍പ്പെടെ 16 ബ്ലോക്കുകളിലുമാണ് കണക്കെടുപ്പ് നടക്കുന്നത്. ഒരു ബ്ലോക്ക് എന്നത് അഞ്ച് സ്‌ക്വയര്‍ കിലോമീറ്ററാണ്. ഒരോ ബ്ലോക്കിലും രണ്ട് വനം വകുപ്പ് ജീവനക്കാരാണ് ഉണ്ടാകുക.
മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരിസ്തിഥി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കണക്കെടുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യ ദിനത്തില്‍ ബ്ലോക്കുകള്‍ സന്ദര്‍ശിച്ച് നേരിട്ട് കാണുന്ന ആനകളുടെ കണക്കുകള്‍ രേഖപ്പെടുത്തും. രണ്ടാംദിവസം കണ്ടെത്തുന്ന ആന പിണ്ഡങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തും. മുന്നാംദിവസം കൂട്ടമായി ആനകളെ കാണപ്പെടുന്ന വെള്ളമുള്ള മേഖലകള്‍, വാച്ച് ടവറുകള്‍, നിബിഡവനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കണക്കുകള്‍ രേഖപ്പെടുത്തും. ആണ്‍, പെണ്‍, കുട്ടികള്‍, മോഴയാന തുടങ്ങി വേര്‍തിരിച്ച് രേഖപ്പെടുത്തും.
ഒപ്പം ഒറ്റയാനയെയോ കൂട്ടമായ ആനകളെയോ കാണപ്പെടുന്ന സ്ഥലത്തിന്റെ പ്രത്യേകത, ഏതുതരം വനം, ഈ സ്ഥലത്തിന്റ ജി.പി.എസ് റീഡിങ്ങ് എന്നിവയും ശേഖരിക്കും. നീലഗിരി ജൈവവൈവിധ്യ മേഖലയില്‍പ്പെട്ട കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് 17 മുതല്‍ കണക്കെടുപ്പ് ആരംഭിച്ചത്. കണക്കെടുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന് കൈമാറും. 2012ലാണ് ജില്ലയില്‍ അവസാനമായി ആനകളുടെ കണക്കെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."