സഊദിയിൽ നിയമ ലംഘകർക്കായി തിരച്ചിൽ ശക്തമാക്കി; തർഹീലുകൾ വീണ്ടും നിറയുന്നു
റിയാദ്: താത്കാലികാലമായി നിർത്തി വെച്ചിരുന്ന നിയമ ലംഘകർക്കായുള്ള തിരച്ചിൽ വീണ്ടും ശക്തമാക്കിയതിനെ തുടർന്ന് നിരവധി പേർ പിടിയിൽ. നേരത്തെ പിടികൂടിയ നിയമ ലംഘകരിൽ പലരെയും നാട്ടിലേക്ക് കയറ്റിവിട്ടതിനെ തുടർന്ന് കാലിയായി കൊണ്ടിരുന്ന തർഹീൽ (നാടുകടത്തൽ കേന്ദ്രം) വീണ്ടും നിറയുന്നതായാണ് സാമൂഹ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നവംബർ മുതൽ ആരംഭിച്ച വ്യാപക പരിശോധനയിൽ നിരവധി നിയമ ലംഘകരെയാണ് അധികൃതർ പിടികൂടിയത്. പോലീസ് പിടികൂടുന്നവരെ തർഹീലിൽ താമസിപ്പിച്ച് പിന്നീട് തിരിച്ചു സഊദിയിലേക്ക് വരാനാകാത്ത രൂപത്തിൽ കയറ്റി വിടുകയാണ് ചെയ്യുന്നത്. വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെയാണ് പരിശോധനയും അറസ്റ്റും വീണ്ടും സജീവമയത്. ഇഖാമ, താമസ, തൊഴിൽ നിയമ ലംഘകർക്കായാണ് പരിശോധന നടക്കുന്നത്.
അതിനിടെ വിവിധ നിയമ ലംഘനങ്ങളിൽ പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീലിൽ) കഴിയുകയായിരുന്ന ഇന്ത്യക്കാരിൽ 393 പേർ കൂടി നാട്ടിലെത്തി. തലസ്ഥാന നഗരിയായ റിയാദിൽ നിന്നും സഊദി എയറിന്റെ പ്രത്യേക വിമാനത്തിലാണ് സഊദി സർക്കാർ ചിലവിൽ ഇവരെ ദൽഹി വിമാനത്താവളത്തിലാണ് എത്തിച്ചത്. കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ വിമാനത്തിലുണ്ടായിരുന്നു. നിലവിൽ മുന്നൂറിലധികം ഇന്ത്യക്കാർ കൂടി തർഹീലിലുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."