ജില്ല വരള്‍ച്ചയിലേക്ക് നീങ്ങുന്നു; കബനിയും വറ്റിത്തുടങ്ങി
മാനന്തവാടി: ജില്ല വരള്‍ച്ചയിലേക്കെന്ന മുന്നറിയിപ്പ് നല്‍കി വയനാടിന്റെ സമൃദ്ധിയായിരുന്ന കബനിയും വറ്റി തുടങ്ങി. ഇതോടെ കര്‍ഷകരടക്കം ആശങ്കയിലായി. പ്രളയത്തില്‍ ഇരുകരകളും കവിഞ്ഞ് ഒഴുകിയിരുന്ന വള്ളിയൂര്‍ക്കാവ് പുഴയില്‍ വരെ വെള്ളം വറ്റിത്തുടങ്ങിയിരിക്കുകയാണ്. കരകള്‍ മണല്‍തിട്ടകളായി മാറി. കാലവര്‍ഷത്തില്‍ വെള്ളം കുത്തിയൊലിച്ച് പോയതോടെ നീരുറവകളില്‍ വെള്ളം കെട്ടി നില്‍ക്കാതായതാണ് ജില്ല ഇനി നേരിടാന്‍ പോകുന്ന കൊടും വരള്‍ച്ചക്ക് കാരണമാകുക.
നീരുറവകള്‍ അടഞ്ഞ് പോകുന്നതിനും വെള്ളം തടഞ്ഞ് നിന്ന് ഉറവകളിലേക്ക് എത്തിചേരുന്നതിനുമുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെല്ലാം മനുഷ്യര്‍ അടച്ചൊതോടെയാണ് ഇത്രയും വലിയ പ്രളയമുണ്ടായിട്ടും പുഴകളും തോടുകളും വറ്റിവരളാന്‍ കാരണമാകുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
എന്നും നിറഞ്ഞുകവിഞ്ഞ് കിഴക്കോട് ഒഴുകിയിരുന്ന വള്ളിയൂര്‍ക്കാവ് പുഴയുടെ പല ഭാഗങ്ങളിലും വീതി കുറഞ്ഞ് മണലും മണ്ണും നിറഞ്ഞ മണ്‍തിട്ടകളായി. പുഴയുടെ വീതിയേറിയ ഭാഗമായ കണ്ണിവയലില്‍ ഒരു ഭാഗം മുഴുവന്‍ മണല്‍ തരികള്‍ നിറഞ്ഞ് പുഴയുടെ വീതി നന്നേ കുറഞ്ഞിരിക്കുകയാണ്.
സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഈ ഭാഗങ്ങളില്‍ വെള്ളം ഇറങ്ങുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേ വെള്ളം ഇറങ്ങി തുടങ്ങിയത് കൊടും വരള്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആയിരകണക്കിന് കര്‍ഷകരാണ് കബനിയിലെ വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ വെള്ളം ലഭിക്കാതെ ജില്ലയിലെ കര്‍ഷകര്‍ ഏറെ ദുരിതമനുഭവിക്കേണ്ടി വരുമെന്ന് കര്‍ഷകനായ ഷാജി പറഞ്ഞു. വയലുകള്‍ ഇപ്പോഴെ വിണ്ടുകീറിയ നിലയിലാണ്.
തോടുകളും പുഴകളും വറ്റി വരണ്ട് കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പുറമെ പ്രളയത്തില്‍ പുഴ തീരങ്ങളില്‍ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിനും കഴിഞ്ഞില്ല.
പുഴയുടെ നാശത്തിന് കാരണമാകുന്നതോടൊപ്പം മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥക്കും ദോഷകരമായി ബാധിക്കുകയാണ് ഇത്. വരള്‍ച്ച ഇതേ രീതിയില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൃഷി നാശത്തിന് പുറമെ കുടിവെള്ളത്തിനായി പോലും ജനം വലയുന്ന കാഴ്ചയാവും വയനാട്ടില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."