HOME
DETAILS

ന്യൂനപക്ഷ രാഷ്ട്രീയം പുതുവഴികള്‍ തേടുമ്പോള്‍

  
backup
November 14 2020 | 23:11 PM

87413568-2020


ബിഹാറില്‍ മതേതര വിശ്വാസികളുടെ പ്രതീക്ഷകളുടെ നിറംകെടുത്തി ഫാസിസ്റ്റ് കൂട്ടുകെട്ട് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ പോവുകയാണ്. അതിനിടെയാണ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പല കൃത്രിമവും കൈകടത്തലും നടന്നിട്ടുണ്ടെന്ന ആരോപണം പുറത്തുവരുന്നത്. മഹാസഖ്യത്തിന്റെ പരാജയ കാരണങ്ങള്‍ എന്താണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ സാന്നിധ്യത്തെ പഴിചാരാനുള്ള വ്യഗ്രതയാണ് പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് ഉവൈസിയുടെ എ.ഐ.എം.ഐ.എം കാഴ്ചവച്ചത്. ഹൈദരാബാദില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അസദുദ്ദീന്‍ ഉവൈസി എന്ന ഒറ്റയാന്റെ കുടുംബപാര്‍ട്ടി ഇന്ന് ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളിലും സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം പലപ്പോഴും ഫാസിസ്റ്റുകള്‍ക്ക് വിജയിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അദ്ദേഹം സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാട് തെറ്റാണെന്നു പറയാന്‍ കഴിയില്ല. കാരണം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍, ഫാസിസ്റ്റുകള്‍ക്കെതിരേ മതേതര സഖ്യങ്ങള്‍ രൂപപ്പെടുമ്പോള്‍ അതില്‍ മുസ്‌ലിം രാഷ്ട്രീയശക്തികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
മുസ്‌ലിം ലീഗ് നേതാവായിരുന്ന സീതി സാഹിബിനോട് ഒരിക്കല്‍ ചോദിച്ചു. മുസ്‌ലിം ലീഗ് എന്നുപറഞ്ഞ് ന്യൂനപക്ഷമായ നിങ്ങള്‍ രാഷ്ട്രീയമായി വേറിട്ട് സംഘടിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയും. 'ഞങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കാനും ഞങ്ങള്‍ക്കുള്ള ശക്തി കാണിച്ചുകൊടുക്കാനും കഴിയും. ഇന്ത്യന്‍ രാഷ്ട്രീയം നെടുകെയും കുറുകെയും പിളരുമ്പോള്‍ മുന്നണി സംവിധാനങ്ങള്‍ നിര്‍ബന്ധമാകും. ഈ രാജ്യത്തെ മുസ്‌ലിം സമുദായം മറ്റു സമൂഹങ്ങളുമായി ഇഴചേര്‍ന്നുനിന്ന് ജനാധിപത്യ പോരാട്ടം നടത്തുമ്പോള്‍ ഞങ്ങളെ വര്‍ഗീയവാദികള്‍ എന്നു വിളിക്കാന്‍ ആര്‍ക്കും കഴിയില്ല. ഞങ്ങളെ മാറ്റിനിര്‍ത്താനും കഴിയില്ല. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഞങ്ങള്‍ക്കു കൂടി പങ്കാളിത്തം വഹിക്കാന്‍ കഴിയും. അതും ഞങ്ങളുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തന്നെ'-എന്നായിരുന്നു സീതി സാഹിബിന്റെ മറുപടി.


2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇടതുപക്ഷത്തിന്റെ എം.പിമാരുടെ പിന്തുണയോടൊപ്പം കോണ്‍ഗ്രസ് നേതൃത്വം മുസ്‌ലിം ലീഗിന്റെ ഏകാംഗത്തെ കൂടി അതില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയില്‍ ഫാസിസത്തിനെതിരേ വിശാലമായ ഒരു മതേതരചേരി രൂപപ്പെടുമ്പോള്‍ മുസ്‌ലിം ലീഗ് കൂടി ഉണ്ടെങ്കിലേ യഥാര്‍ഥ മതേതര കൂട്ടായ്മയുടെ പ്രതീകമായി യു.പി.എ മുന്നണിയെ വിശേഷിപ്പിക്കാന്‍ കഴിയൂ എന്നുള്ള ബോധ്യം കൊണ്ടായിരുന്നു അത്. മുസ്‌ലിം ലീഗിന്റെ ഒരംഗം ഇല്ലെങ്കില്‍, അതല്ലെങ്കില്‍ ഇ. അഹമ്മദ് പിന്തുണച്ചില്ലെങ്കില്‍ യു.പി.എ മന്ത്രിസഭയ്ക്ക് ഒരു ഭീഷണിയും ഉണ്ടാകുമായിരുന്നില്ല.
മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് അടിത്തറയുള്ള ഭൂമികയാണ് ബിഹാര്‍. പാര്‍ട്ടിക്ക് നല്ല വേരോട്ടമുള്ള, താഴെത്തട്ടില്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന, മത്സരിക്കാന്‍ പ്രാപ്തരായ നേതാക്കള്‍ ഉള്ള സംസ്ഥാനം. അവിടെ ഉള്‍പ്പെടെ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തും ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കുമ്പോള്‍ മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ കൂടി അതില്‍ പങ്കുകൊള്ളണം. ഇത് ഉറക്കെപ്പറയുന്നതിലും സാധ്യമാകുന്ന ഇടങ്ങളില്‍ സഖ്യത്തില്‍ കൂട്ടാന്‍ ആവശ്യപ്പെടുന്നതിലും അപകര്‍ഷതാബോധം ഉണ്ടാകേണ്ടതില്ല. ഇന്ത്യ വെട്ടിമുറിച്ചവരാണ് മുസ്‌ലിംകള്‍ എന്ന് മുസ്‌ലിം ലീഗിനു നേരെ വിവിധ ഭാഗങ്ങളില്‍നിന്നും ആരോപണ ശരങ്ങള്‍ ഉയര്‍ന്ന സമയത്താണ് മുസ്‌ലിം എന്ന പേരില്‍ തന്നെ ലീഗിനെ ഖാഇദേ മില്ലത്ത് പുനഃസംഘടിപ്പിച്ചത്. 'മുസ്‌ലിംകളുടെ രാജ്യം ഇനിമുതല്‍ പാകിസ്താനാണ്. മുസ്‌ലിംകള്‍ക്ക് പൊലിസില്‍ അടക്കം ഒരു ജോലിയിലും ഇവിടെ ഇടമുണ്ടാവില്ല. ഒരു മുസ്‌ലിമിനെയും ബിസിനസ് പങ്കാളിയാക്കാന്‍ പാടില്ല' എന്നൊക്കെ തിട്ടൂരമിറക്കിയ കാലത്താണ് മുസ്‌ലിം എന്ന പേരില്‍ തന്നെ ഇവിടെ രാഷ്ട്രീയപാര്‍ട്ടി രൂപംകൊണ്ടതെന്ന് മറക്കരുത്.


അസദുദ്ദീന്‍ ഉവൈസി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെ വഞ്ചിച്ചുവെന്ന് എന്ത് അര്‍ഥത്തിലാണ് പറയുന്നത്. സ്വപ്രയത്‌നത്താല്‍ അഞ്ചു സീറ്റ് നേടിയ എ.ഐ.എം.ഐ.എമ്മിന്റെ സ്വാധീനം മനസിലാക്കി കോണ്‍ഗ്രസും ആര്‍.ജെ.ഡിയും നേതൃത്വം നല്‍കുന്ന മുന്നണിയില്‍ അവരെക്കൂടി ഉള്‍പ്പെടുത്തി ഉവൈസിയുടെ അധ്വാനം മഹാസഖ്യത്തിനു കരുത്തുപകരുന്ന തരത്തിലേക്ക് വഴിതിരിച്ചു വിടാത്തതിന്റെ ഉത്തരവാദികള്‍ ആരാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബോധപൂര്‍വമായ ഇടപെടല്‍ നടത്തുമ്പോഴാണ് മറ്റുള്ളവര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുക. കരയ്ക്കു കയറിനിന്ന് ന്യായം പറഞ്ഞും മാറിനില്‍ക്കുന്നതിനെ മഹത്വവല്‍ക്കരിച്ചും മുന്നോട്ടുപോകാന്‍ സാധ്യമല്ല. അസദുദ്ദീന്‍ ഉവൈസിക്ക് ഇത്രത്തോളം എത്താന്‍ കഴിയുന്നിടത്ത് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ ഒരു സമുദായത്തെ പ്രതിനിധീകരിച്ച് അവകാശങ്ങള്‍ നേടിയെടുത്ത ഖാഇദേ മില്ലത്തിന്റെ പ്രസ്ഥാനം നോക്കിനില്‍ക്കേണ്ടി വരിക എന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.


കേരളത്തിലെ മലബാറിനെക്കാള്‍ മുസ്‌ലിം ജനസംഖ്യയുള്ള പ്രദേശമാണ് ബിഹാറിലെ കിഷന്‍ഗഞ്ച്. 90 ശതമാനത്തിലേറെ മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശം. അവിടെ മുസ്‌ലിം ലീഗ് മത്സരിക്കേണ്ടതായിരുന്നില്ലേ. തൊട്ടടുത്ത പ്രദേശമായ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് എന്ന മുസ്‌ലിം രാഷ്ട്രീയപാരമ്പര്യം പേറുന്ന മണ്ണിലും ലീഗ് മത്സരിക്കാന്‍ തയാറാകേണ്ടതുണ്ട്. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ രാജ്മഹല്‍ മണ്ഡലത്തില്‍ 99,000 വോട്ട് നേടി മുസ്‌ലിം ലീഗ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കായിരുന്നു അന്ന് വിജയം. കോണ്‍ഗ്രസായിരുന്നു മൂന്നാം സ്ഥാനത്ത്. സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് മുദന്‍ സാഹിബിനെ കണ്ട് പിന്തുണ അഭ്യര്‍ഥിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ്, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്ര തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വരെ എത്തിയിരുന്നു എന്നതുകൂടി ചേര്‍ത്തുവായിക്കണം.


ഡല്‍ഹി മെട്രോപൊളിറ്റന്‍ ആയിരുന്ന കാലത്ത് ഒന്നും രണ്ടും കൗണ്‍സിലര്‍മാരെ (എം.എല്‍.എ) വരെ ജയിപ്പിക്കാന്‍ മുസ്‌ലിം ലീഗിനു കഴിഞ്ഞിരുന്നു. ചരണ്‍സിങ്ങിന്റെ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് ഡല്‍ഹിയില്‍നിന്ന് പാര്‍ലമെന്റിലേക്കും ലീഗ് മത്സരിച്ചിരുന്നു. 15,000 വോട്ട് നേടിയ മണ്ഡലത്തില്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മത്സരിച്ചപ്പോള്‍ നൂറോളം വോട്ട് മാത്രമാണ് നേടിയത്. മുസ്‌ലിം ലീഗ് രാഷ്ട്രീയം കൈകാര്യം ചെയ്യാതിരുന്നാല്‍ ജനങ്ങള്‍ പാര്‍ട്ടിയെ മറക്കുമെന്നത് തീര്‍ച്ചയാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയപ്രവര്‍ത്തനം തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതു തന്നെയാണ്.
1974ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 51 സീറ്റുകളിലേക്ക് മത്സരിച്ച മുസ്‌ലിം ലീഗ് ഫിറോസാബാദ് മണ്ഡലത്തില്‍ വിജയിച്ച് ആദ്യമായി യു.പി നിയമസഭയിലെത്തി. പത്തോളം സീറ്റുകളില്‍ തുച്ഛമായ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. വെറും 85 വോട്ടുകള്‍ക്കാണ് മുറാദാബാദ് സീറ്റ് ലീഗിനു നഷ്ടമായത്. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ മേല്‍മണ്ണിനാല്‍ മൂടപ്പെട്ട് കിടക്കുകയാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയം. അതു പുറത്തെടുത്ത് വിത്തിറക്കിയാല്‍ തീര്‍ച്ചയായും മുളച്ചുപൊന്തും. അജണ്ട രാഷ്ട്രീയമായിരിക്കണമെന്നു മാത്രം. അല്ലാതെ, ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും മാത്രം കൈകാര്യം ചെയ്തതുകൊണ്ട് രാഷ്ട്രീയബോധം സൃഷ്ടിച്ചെടുക്കാന്‍ കഴിയില്ല. ഉത്തരേന്ത്യയില്‍ നടക്കുന്ന രക്തച്ചൊരിച്ചിലുകളും വര്‍ഗീയധ്രുവീകരണങ്ങളും പൂര്‍ണമായി ഇല്ലാതാക്കാന്‍ ആര്‍ക്കുമാകില്ല. പകരം നമ്മുടെ പാരമ്പര്യവും രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മുസ്‌ലിം ലീഗ് കേരളത്തില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങളും ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കണം. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും സ്വത്വരാഷ്ട്രീയത്തെ അവരെ ബോധ്യപ്പെടുത്തുകയും വേണം.
മുസ്‌ലിം ഇന്ത്യയുടെ നേതൃത്വമായി ഈ രാജ്യം എക്കാലത്തും കണ്ടിരുന്നത് മുസ്‌ലിം ലീഗിനെയായിരുന്നു. ഖാഇദേ മില്ലത്തിനെയും സേട്ട് സാഹിബിനെയും ബനാത്ത് വാലയെയും മുസ്‌ലിം ഇന്ത്യയുടെ പ്രതീകമായി ഇന്ത്യന്‍ മുസ്‌ലിംകളും അല്ലാത്തവരും ലോകവും പരിഗണിച്ചിരുന്നു. പാര്‍ലമെന്റും പ്രധാനമന്ത്രിമാരും ഭരണകൂടവും മുസ്‌ലിം പ്രശ്‌നങ്ങളിലെ പ്രതികരണത്തിനും ചര്‍ച്ചയ്ക്കും ഒരുകാലത്ത് സാകൂതം ശ്രദ്ധിച്ചിരുന്നത് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍മാരെയായിരുന്നു.


എന്നാല്‍, ഇന്ന് അസദുദ്ദീന്‍ ഉവൈസിയുടെ കൈകളിലേക്ക് മുസ്‌ലിം രാഷ്ട്രീയം നീങ്ങുകയാണ്. നൂറ്റാണ്ട് പഴക്കമുള്ള മുസ്‌ലിം രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഗരിമയില്‍ ഉണ്ടാക്കിയെടുത്ത സര്‍വാംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രവത്തായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായേ തീരൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago