പൊലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ഹണിട്രാപ്പ് സംഘത്തലവന് പിടിയില്‍
തളിപ്പറമ്പ്: പൊലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ഹണിട്രാപ്പ് സംഘത്തലവന് കൊടിയില്‍ റുവൈസ് (23) മുംബൈയില്‍ പിടിയില്‍. 10 മാസം മുന്‍പാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കസ്റ്റഡിയില്‍ കഴിയവേ ഇയാള്‍ രക്ഷപ്പെട്ടത്.
മുംബൈയില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടുകയായിരുന്നു. തളിപ്പറമ്പ് ഹണിട്രാപ്പ് പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയാണ് കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് വില്ലയില്‍ കൊടിയില്‍ റുവൈസ്. 2018 ഓഗസ്റ്റ് 24നാണ് റുവൈസും മൂന്ന് കൂട്ടാളികളുമടങ്ങിയ ഹണിട്രാപ്പ് സംഘത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ പ്രമുഖരെ സ്ത്രീകളോടൊപ്പം നിര്‍ത്തി തന്ത്രപൂര്‍വം ചിത്രീകരിച്ച കിടപ്പറ രംഗങ്ങള്‍ കാണിച്ച് കോടികള്‍ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്.
രക്താര്ബുദരോഗിയെന്ന് പറഞ്ഞ റുവൈസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2019 സെപ്തംബര്‍ മൂന്നിനാണ് ഇവിടെനിന്ന് പൊലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. രാത്രി പത്തരയോടെ മലപ്പുറം കൊണ്ടോട്ടിയിലെ ബന്ധുവീട്ടിലെത്തിയ റുവൈസ് 200 രൂപ വാങ്ങിയശേഷം മുങ്ങി. തളിപ്പറമ്പ് സി.ഐയുടെ നേതൃത്വത്തില്‍ റുവൈസിനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
റുവൈസ് മുംബൈയിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ സി.പി.ഒ എ.ജി അബ്ദുല്‍ റൗഫ്, സി.പി.ഒ കെ. സ്നേഹേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് മുംബൈയിലെത്തി പിടികൂടിയത്. ഇന്ന് രാവിലെ പ്രതിയെ തളിപ്പറമ്പിലെത്തിക്കും. മുംബൈയില്‍ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ ജോലി ചെയ്തുവന്ന റുവൈസിനെ തിരിച്ചറിഞ്ഞ ഒരാള്‍ തളിപ്പറമ്പ് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."