പ്ലസ്‌വണ്‍: കാല്‍ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുറത്തുതന്നെ
മലപ്പുറം: വിവിധ ഘട്ടങ്ങളിലായി പലതവണ അപേക്ഷ നല്‍കിയെങ്കിലും സംസ്ഥാനത്തെ കാല്‍ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പ്ലസ്‌വണ്‍ സീറ്റ് ലഭിക്കാതെ പുറത്തുതന്നെ. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കില്ലെന്ന് കരുതി സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കിയിരുന്നില്ല. ഇവരെ മാറ്റിനിര്‍ത്തിയിട്ടും മൂന്നുതവണ അപേക്ഷ പുതുക്കി നല്‍കിയ വിദ്യാര്‍ഥികളില്‍ കാല്‍ലക്ഷത്തിലധികം പേര്‍ സീറ്റില്ലാതെ പുറത്തായി.
രണ്ടു തവണകളായി നടന്ന മുഖ്യഘട്ട അലോട്ട്‌മെന്റിനു ശേഷം രണ്ടുതവണ പ്രത്യേകം അപേക്ഷ സ്വീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയത്. ഇന്നലെ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി സംസ്ഥാനത്താകെ 53,005 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 38,952 പേര്‍ക്ക് സീറ്റ് ലഭിച്ചില്ല.
പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയില്‍ മാത്രം 15,056 വിദ്യാര്‍ഥികളാണ് പലതവണ അപേക്ഷിച്ചിട്ടും സീറ്റില്ലാതെ പുറത്തുനില്‍ക്കുന്നത്. 8,455 പേര്‍ അപേക്ഷിച്ച കോഴിക്കോട് ജില്ലയില്‍ 1,402 പേര്‍ക്ക് മാത്രമേ സീറ്റ് ലഭിച്ചൊള്ളൂ. 7,053 പേര്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കുകയാണ്. 7,323 അപേക്ഷിച്ച പാലക്കാട് 2,151 പേര്‍ക്കേ സീറ്റ് കിട്ടിയൊള്ളൂ. രണ്ടാം സപ്ലിമെന്ററി ഘട്ടത്തില്‍ അയ്യായിരത്തിലധികം അപേക്ഷകള്‍ മലബാര്‍ ജില്ലകളില്‍ മാത്രമാണ് ഉണ്ടായിരുന്നത്.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്
പ്രസിദ്ധീകരിച്ചു
മലപ്പുറം: ഏകജാലക സംവിധാനത്തില്‍ വിവിധ അലോട്ട്‌മെന്റുകളില്‍ ഇടം നേടാനാകാത്തവര്‍ക്കായി നടത്തിയ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in
ലെ ടഡജജഘഋങഋചഠഅഞഥ ഞഋടഡഘഠട എന്ന ലിങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം.
25,102 ഒഴിവുകളിലേക്ക് സംസ്ഥാനത്താകെ 53007 അപേക്ഷകളാണ് ലഭിച്ചത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആവശ്യമായ രേഖകളുമായി ഇന്നു രാവിലെ 10 മുതല്‍ നാളെ വൈകിട്ട് നാലിനകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സ്ഥിരം പ്രവേശനം നേടണം. അതേസമയം ഇതുവരെ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍, കോഴ്‌സ് എന്നിവ മാറുന്നതിനുള്ള ഒഴിവുകളും തുടര്‍ നിര്‍ദേശങ്ങളും 27ന് രാവിലെ 10ന് പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
തെക്കന്‍ ജില്ലകളില്‍ സീറ്റൊഴിവുണ്ട് !
അലോട്ട്‌മെന്റിന്റെ മുഖ്യഘട്ടത്തില്‍ തന്നെ അപേക്ഷകരില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പത്തനംതിട്ടയ്ക്ക് പിന്നാലെ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ പ്ലസ്‌വണ്‍ സീറ്റുകളില്‍ വിദ്യാര്‍ഥികളില്ല. 3,264 സീറ്റുകള്‍ ഒഴിവുള്ള പത്തനംതിട്ട ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്ലസ്‌വണ്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത്. ആലപ്പുഴ (1,613), കോട്ടയം (1,645), ഇടുക്കി (1,412), എറണാകുളം (1,375) സീറ്റുകളും അപേക്ഷകരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."