ട്രെയിനുകള്‍ വൈകുന്നതിനെതിരേ യാത്രക്കാരുടെ പ്രതിഷേധമിരമ്പി
കൊല്ലം: നാളുകള്‍ ഏറെയായിട്ടും അറ്റകുറ്റപ്പണികളുടെയും സിഗ്നല്‍ തകരാറുകളുടെയും പേരില്‍ ട്രെയിനുകള്‍ വൈകുന്നത് യാത്രക്കാര്‍കുണ്ടാകുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി ജില്ലയിലുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.
മതിയായ ജീവനക്കാരുടെ അപര്യാപ്തതയും കാര്യക്ഷമമല്ലാത്ത കരാര്‍ പണികളും മൂലം ട്രെയിനുകള്‍ നിരന്തരമായി വൈകുന്നതിനാല്‍ സ്ഥിരം യാത്രക്കാരടക്കമുള്ള യാത്രക്കാരുടെ ജീവിതക്രമവും ദൈനംദിന ബഡ്ജറ്റും പാടെ തകര്‍ന്നിരിക്കുകയാണെന്നും അടിയന്തിരനടപടിയുണ്ടായി സമയക്രമം പാലിച്ച് ട്രെയിനുകള്‍ സര്‍വിസ് നടത്തണമെന്ന് യാത്രക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
സതേണ്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വ്യാപകപ്രതിഷേധദിനം കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് സജീവ് പരിശവിളയും ശാസ്താംകോട്ടയില്‍ ജനറല്‍ സെക്രട്ടറി കണ്ണനല്ലൂര്‍ നിസാമും ഉദ്ഘാടനം ചെയ്തു.യാത്രക്കാര്‍ക്ക് ഉദാരവും മനുഷ്യത്വപരവുമായ സമീപനം നല്‍കാത്ത ബ്രിട്ടീഷ് റെയില്‍വേയുടെ നയം ഒഴിവാക്കണമെന്നും ജനപ്രതിനിധികളെയും, സ്ഥിരം യാത്രക്കാരുടെയും, പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സമയക്രമം നിശ്ചയിക്കാനുളള ജനകീയസമിതി രൂപീകരിക്കണമെന്നും സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്കായി കൂടുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റും ഡി റീസര്‍വഡ് ബോഗികളും അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മലബാര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറിലേറെ പേട്ടയില്‍ പിടിച്ചിടുന്നത് ഒഴിവാക്കണമെന്നും വഞ്ചിനാട്, ഇന്റര്‍സിറ്റി, പരശുറാം, പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍ എന്നിവ സമയക്രമം പാലിക്കാന്‍ സംവിധാനമൊരുക്കണമെന്നും ആവശ്യമുയര്‍ന്നു. സജീവ് പരിശവിള, കണ്ണനല്ലൂര്‍ നിസാം, അനില്‍ കോവൂര്‍, അഷറഫ്.എ, നൗഷാദ്. എസ്, സുരേഷ് ബാബു, സലീം. ഇ, പത്മകുമാര്‍, സലാഹുദ്ദീന്‍, അനൂപ് എം.എസ്, ഷാജി, സാജന്‍ പീറ്റര്‍ എന്നിവര്‍ വിവിധ സ്റ്റേഷനുകളില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."