ബിനീഷിന്റെ കൂട്ടാളികള്‍ക്ക് ഇ.ഡി നോട്ടിസ്
തിരുവനന്തപുരം: ലഹരിമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ റിമാന്‍ഡിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നോട്ടിസ് നല്കി. ബിനീഷിന്റെ ബിനാമിയായി അറിയപ്പെടുന്ന അബ്ദുല്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്, അരുണ്‍ എസ് എന്നിവര്‍ക്കാണ് ഇ.ഡി നോട്ടിസ് നല്‍കിയത്. 18 ന് ഹാജരാകാനാണ് നിര്‍ദേശം. അബ്ദുല്‍ ലത്തീഫിനും റഷീദിനും നേരത്തെയും ഇ.ഡി നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ക്വാറന്റൈനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷ് കോടിയേരിയുള്ളത്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ബിനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരിക്കുന്നത്. സുരക്ഷ മുന്‍ നിര്‍ത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും പാര്‍പ്പിക്കാനും ജയില്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. ബിനീഷ് ഭക്ഷണം കൃത്യമായി കഴിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."