വയോധികന്റെ പണമടങ്ങിയ ബാഗ് തട്ടി പറിച്ച കേസിലെ പ്രതി അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: വയോധികന്റെ ബാഗ് തട്ടി പറിച്ച കേസിലെ പ്രതി അറസ്റ്റില്‍. നിരവധി അടിപിടി കേസുകളിലും കളവുകേസിലും പ്രതിയായ അഴീക്കോട് കരിച്ചിലപറമ്പില് സിനോജിനെ (കാക്ക സിനോജ് 34 ) ആണ് ഇന്‍സ്പെക്ടര്‍ പി.സി.ബിജു കുമാറും, ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ കാര സ്വദേശിയായ വയോധികന്റെ 60000 രൂപയടങ്ങുന്ന ബാഗ് തട്ടിപറിച്ച് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
സംഭവ ശേഷം ബാംഗ്ലൂര്‍ക്ക് പോയ ഇയാള്‍ പൊലിസ് എത്തിയതറിഞ്ഞ് അവിടന്ന് മുങ്ങി പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. പത്തോളം അടിപിടി കേസുകളിലും മോഷണ കേസിലും പ്രതിയാണ്. കേസുകളില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഒളിവില്‍ പോകുകയാണ് പതിവ്. ബുധനാഴ്ച്ച രാത്രി ബൈക്കില്‍ പോകുകയായിരുന്ന ഇയാളെ ചെറായിയില്‍ വച്ച് വാഹനം തടഞ്ഞ് പൊലിസ് പിടികൂടുകയായിരുന്നു. മുനമ്പം ഹാര്‍ബറിലും, ചെറായിയില്‍ ചെമ്മീന്‍ കെട്ടുകളിലുമായി ഒളിച്ചു താമസിച്ചു വരുന്നതിനിടയിലാണ് പൊലിസ് സംഘത്തിന്റെ കൈയ്യില്‍ പെടുന്നത്. ഇയാള്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ ആറോളം കേസുകള്‍ ഉണ്ട്. അഴീക്കോട് ഭാര്യയും രണ്ടു കുട്ടികളുമുള്ള ഇയാള്‍ പൊയ്യയില്‍ നിന്നും ഈയിടെ മറ്റൊരു വിവാഹം കഴിച്ചിരുന്നു.
എസ്.ഐ. വിനോദ് കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ. മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, സി.പി.ഒ മാരായ ഇ.എസ്. ജീവന്, പി.എം മനോജ്, ടി.പി.അനില്‍കുമാര്‍ എന്നിവരാണ് പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."