ഗാനമേളയുടെ രൂപത്തില്‍ തട്ടിപ്പ് സജീവമാകുന്നു
മെഡിക്കല്‍ കോളജ്: ആശുപത്രി പരിസങ്ങളില്‍ ഗാനമേളയുടെ രൂപത്തില്‍ തട്ടിപ്പ് സജീവമാകുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരടേയും ഉറ്റവരും ഉടയവരും ഇല്ലാത്തവരുടേയും പേരില്‍ കാന്‍സര്‍, കിഡ്‌നി തകരാര്‍, ഹൃദയ ശസ്ത്രക്രിയ അംഗ വൈകല്യം, ബുദ്ധി മാന്ദ്യം തുടങ്ങി ഭീമമായ തുക ചെലവ് വരുന്ന തുടര്‍ ചികിത്സയ്ക്കായുള്ള പണം സ്വരൂപ്പിക്കാന്‍ കഴിയാത്ത കുടുംബങ്ങളെ വലയിലാക്കി ഗാനമേളയുടെ രൂപത്തില്‍ തട്ടിപ്പ് സജീവമാകുന്നത്.
തട്ടിപ്പ് സംഘങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി, ആര്‍.സി.സി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ഇത്തരക്കാരെ സഹായിക്കാം എന്ന വ്യാജേന ചികിത്സാ ചിലവിനുള്ള പണം സ്വരൂപിച്ചു നല്‍കമെന്ന വാഗ്ദാനം നല്കി ഇവരുമായി ഉടമ്പടി ഉണ്ടാക്കുന്നു. 'ഈ കുട്ടിയെ സഹായിക്കുക ഇവള്‍, ഇവന്‍ നിര്‍ധന കുടുംബത്തിലെ അംഗമായ കുട്ടിയുടെ മാതാപിതാക്കള്‍ ചികിത്സാ ചിലവുകള്‍ക്കായി ബുദ്ധിമുട്ടുന്നു' ഇവരെ സഹായിക്കാനാണ് കലാകാരന്മാരായ ഞങ്ങള്‍ നിങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നത് അഞ്ചും, ആറും ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സയ്ക്കായി നിങ്ങളാല്‍ കഴിയുന്ന സഹായം ചെയുക. അല്ലെങ്കില്‍ താഴെ കാണുന്ന അക്കൗണ്ട് നമ്പറില്‍ നിക്ഷേപിക്കുക. ഈ നമ്പറില്‍ വിളിച്ചാല്‍ കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും ഒപ്പം കുട്ടിയുടെ ദയനീയമായ ഒരു ഫോട്ടോ നോട്ടിസിലും ഫ്‌ളക്‌സ് ബോര്‍ഡിലും പതിക്കും.
സംഘങ്ങളില്‍ ചിലര്‍ തങ്ങള്‍ ഇതിനു മുന്‍പ് സഹായ വിതരണം നടത്തിയ ഫ്‌ളക്‌സും പ്രദര്‍ശിപ്പിക്കും. അതില്‍ പ്രദേശത്തെ പൊലിസ് മേധാവിയോ രാഷ്ട്രീയ പ്രമുഖരോ ആകും തുക വിതരണം ചെയ്യുന്നത്. ഇത് കാണുന്ന ആര്‍ക്കും ഇതില്‍ തട്ടിപ്പ് ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കില്ല. തിരക്കേറിയ കവലകളില്‍ ഗാനമേളസംഘം എത്തി ആരോരുമില്ലാത്ത വളരെ അധികം ചികിത്സാ ചെലവ് വേണ്ടി വരുന്ന പാവപ്പെട്ടവര്‍ക്കായി പാടുന്നു. ഗായകരില്‍ ഒരു വികലാംഗര്‍ കൂടെ ഉണ്ടാവുന്നതോടെ കൂടുതല്‍ വിശ്വാസ്യത പിടിച്ചു പറ്റുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ സഹായ മനസ്ഥിതിയില്‍ നമ്മള്‍ക്കും പങ്ക് ചേരാമെന്നും നമ്മുടെ വകയായി മിനിമം പത്തോ ഇരുപതോ രൂപ കൊടുക്കാമെന്നും കാരണം അഞ്ചു ലക്ഷം രൂപ ആകണമെങ്കില്‍ നമ്മള്‍ ഒരാള്‍ ഈ രൂപ എങ്കിലും കൊടുക്കണം.
പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഇരു വശങ്ങളിലായി ബക്കറ്റുകള്‍ വയ്ക്കുകയും ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ നിരവധി തവണ ബക്കറ്റുകളില്‍ കളക്ഷന്‍ നിറയുന്നതനുസരിച്ച് ബക്കറ്റ് മാറ്റി വീണ്ടും പഴ സ്ഥാനത്ത് വെക്കുകയും ചെയ്യും.
ഒരു പ്രദേശത്ത് നിന്ന് ദിനം പ്രതി ഇവരുടെ ബക്കറ്റില്‍ നിറയുന്നത് ആയിരങ്ങള്‍ ആണ്. മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, പട്ടം, കേശവദാസപുരം, കണ്ണംമൂല എന്നിവിടങ്ങളിലാണ് ഗാനമേള സംഘം സജീവമാകുന്നത്. സംഘങ്ങളിലെ ആളുകളുടെ ചിലവും ദിവസ വേതനവും പെട്രോള്‍, ഡീസല്‍ ചിലവും മാത്രം ഒരു ദിവസം 5000 ഓളം രൂപ എങ്കിലും വരും. ആരെങ്കിലും ഗാനമേള നടത്തുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ പാടുന്നവര്‍ മന:പൂര്‍വം പുറം തിരിഞ്ഞു നില്ക്കുകയാണ് പതിവ്. ഇത്തരം സേവനം ചെയ്യുന്നവര്‍ പരസ്യം ആഗ്രഹിക്കുന്നവരാണ് എന്നാല്‍ ഇവിടെ അതിനു പുറം തിരിഞ്ഞത് സംശയത്തിനു ഇടയാക്കുന്നു. അവരുമായി സംസാരിക്കാന്‍ ശ്രമിച്ചാല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുക.
തുടര്‍ന്ന് ഇവര്‍ വിതരണം ചെയ്യുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്ന വിവിധ ആശുപത്രികളിലും അന്വേഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇങ്ങനെ ഒരു കുട്ടി നോട്ടീസില്‍ പ്രതിപാതിച്ചിരിക്കുന്ന പ്രകാരം ചികിത്സയില്‍ വന്നിട്ടില്ലാ എന്നാണ്. മറ്റു ചിലര്‍ ചികിത്സയ്ക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ഫോണ്‍ നമ്പര്‍ അക്കൗണ്ട് നമ്പര്‍ പിന്നെ ഒരു ടി.സി നമ്പര്‍ ഒക്കെ നോട്ടീസില്‍ ഉണ്ടെങ്കിലും പലതിലും രജിസ്‌ട്രേഷനോ അനുബന്ധ രേഖകളോ കാണുകയില്ല. കെട്ടിടത്തിന്റെ ടി.സി.നമ്പര്‍ വച്ചുള്ള നോട്ടീസ് കണ്ടു രജിസ്‌ട്രേഷന്‍ നമ്പര്‍ എന്ന് തെറ്റിദ്ധരിക്കും. ഇത്തരക്കാര്‍ ജനങ്ങളെ പറ്റിച്ചു ടാക്‌സ് അടക്കാതെ കീശയില്‍ ആക്കുന്നതോ ലക്ഷങ്ങള്‍. ഇവര്‍ പിരിക്കുന്നതു അഞ്ചു ലക്ഷം രൂപ ആണെങ്കില്‍ വളരെ തുച്ചമായ തുക ആയിരിക്കും അസുഖകാരന് നല്‍കുക.
സംഘത്തില്‍ ഡ്രൈവര്‍ക്ക് 600 മുതല്‍ 800 രൂപ വരെ ദിവസ വേതനം ലഭിക്കുന്നുണ്ട്. ഗായകന് ആയിരം പിന്നെ സന്ധ്യ കഴിഞ്ഞാല്‍ മദ്യവും ഭക്ഷണവും ഇതിനു മാത്രം തന്നെ ശരാശരി ഒരു ദിവസം രണ്ടായിരത്തോളം രൂപ വേണ്ടി വരും എന്ന് ചിലര്‍ പറയുന്നു. ഒരു ദിവസം ശരാശരി ഏകദേശം കുറഞ്ഞത് എണ്ണായിരം മുതല്‍ പതിനായിരം വരെ ലഭിച്ചാലേ ദിവസേന ഇത്രമാത്രം ചിലവുകള്‍ക്കായി കൂടെ തികയുകയുള്ളൂ. ഒരു മാസത്തെ കണക്കുകള്‍ നോക്കിയാല്‍ തന്നെ രണ്ടര ലക്ഷത്തിനു പുറത്തു വരും ഇവരുടെ കുറഞ്ഞ വരവ്. എന്നാല്‍ നാലഞ്ചു മാസത്തോളം ഒരു കുട്ടിക്കായി പ്രചരണം നടത്തി കാശുണ്ടാക്കുകയും കലക്ഷന്‍ കുറവായിരുന്നു കാലാവസ്ഥ അനുകൂലം ആയിരുന്നില്ല എന്ന് വിവിധ കാരണങ്ങള്‍ നിരത്തി പലപ്പോഴും പതിനായിരത്തിന് താഴെ മാത്രം തുക നല്കി ഒതുക്കുകയാണ് പിന്നീട് അടുത്ത ഇരയെ വലയിലാക്കുകയാണ് സംഘങ്ങളുടെ രീതി.
ഒന്ന് രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇതില്‍ നിന്ന് ലഭിക്കുന്ന വന്‍ തുക ഇവര്‍ ആഡംബര ജീവിതത്തിനും മറ്റു പ്രവര്‍ത്തന മേഖലയിലേക്കും വിനിയോഗിക്കുകയും ചില സംഘാടകര്‍ വിദേശത്തേയ്ക്കും കടന്നതായാണ് സൂചന ലഭിക്കുന്നത്. ഇവരുടെ പരസ്യ ബോര്‍ഡില്‍ ശ്രദ്ധിച്ചാല്‍ മിക്കതും സ്ഥല പേരുകള്‍ പലതാണ് അടൂര്‍ ഉള്ള ആള്‍ക്ക് കോഴിക്കോടുള്ള സംഘാടകര്‍ സഹായ അഭ്യര്‍ഥനയുമായി ചെല്ലുന്നത് എറണാകുളത്ത് ആയിരിക്കും, ഇതാവുമ്പോള്‍ ആരും കൂടുതല്‍ അന്വേഷണം നടത്താന്‍ പോകാറുമില്ലാ. ഇതുപോലെയുള്ള തട്ടിപ്പുകാര്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ഗാനമേള നടത്തുന്നതിലൂടെ ഭീമമായ തുകയാണ് ഇവരുടെ കൈകളില്‍ എത്തിച്ചേരുന്നത്. ഇതെവിടെ ചെന്നെത്തുന്നു, ഏതു വിധത്തില്‍ വിനയോഗിക്കുന്നു, ഒരുപക്ഷേ സത്യസന്തമായി പ്രചരണം ആണെങ്കില്‍ ഇത് എത്തിപെടേണ്ടിടത്ത് എത്തുന്നുണ്ടോ എന്നുള്ളത് ഉത്തരവാദിത്വപെട്ടവര്‍ അന്വേഷിക്കേണ്ടത് ആവശ്യമാണ്. ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒരു സംശയത്തിനും സാധ്യത ഇല്ലാത്ത വ്യക്തമായി കബളിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തി ചോദ്യം ചെയ്യപ്പെടെണ്ടതാണ്.
ഇന്റര്‍നെറ്റിലും പ്രധാന കവലകളില്‍ പോസ്റ്റര്‍ ഒട്ടിച്ചും ഇത്തരത്തില്‍ പരസ്യം ചെയ്തു നിരവധി തട്ടിപ്പുകള്‍ ധാരാളമായി നടക്കുന്നു. പല ദിവസങ്ങളിലും വിവിധ വാഹനങ്ങളിലും, വിവിധ അസുഖക്കാരെ ആയിരിക്കാം സംഘാടകര്‍ പ്രദര്‍ശിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ അസുഖമുള്ളവരേയും കുടുംബത്തെയും ഒപ്പം ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ചു തട്ടിപ്പുനടതുന്നവരെ തിരിച്ചറിഞ്ഞു ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തു വിവരങ്ങളും അന്വേഷിച്ചു നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."