എ.ടി.എമ്മുകള്‍ നോക്കുകുത്തികളാവുന്നു; സാങ്കേതിക തകരാറെന്ന് വിശദീകരണം
കുറ്റിക്കോല്‍: എ.ടി.എമ്മുകള്‍ തകരാറിലായത് ഇടപാടുകാരെ ദുരിതത്തിലാക്കുന്നു. കുറ്റിക്കോല്‍, ബോവിക്കാനം എന്നി ടൗണുകളിലുള്ള എ.ടി.എം കൗണ്ടറുകളാണ് തകരാറിലായി കിടക്കുന്നത്. എസ്.ബി.ഐയുടെ കുറ്റിക്കോല്‍ ശാഖയോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറാണ് ആവശ്യക്കാര്‍ക്ക് പണം ലഭിക്കാതെ നോക്കുകുത്തിയായത്. കൗണ്ടറില്‍ പണം നിറച്ചാല്‍ കുറച്ചു പേര് പണമെടുത്തു കഴിഞ്ഞാല്‍ പിന്നീട് കൗണ്ടര്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്. കൗണ്ടറില്‍ കാശുണ്ടെങ്കിലും പിന്നീടെത്തുന്നവര്‍ക്കു ലഭിക്കുന്നില്ല. അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ സാങ്കേതിക തകരാര്‍ കാരണമാണ് പണം ലഭിക്കാത്തതെന്നാണ് മറുപടി ലഭിക്കുന്നത്.
ബോവിക്കാനം ടൗണിലുള്ള കോര്പറേഷന് ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ മൂന്നുമാസമായി തകരാറിലാണ്. കൗണ്ടര്‍ തുറന്നു കിടക്കുന്നതു കണ്ട് പണമെടുക്കാനെത്തുന്നവര് അകത്തുകയറി നിരവധി തവണ മെഷിനില്‍ കാര്‍ഡ് ഇട്ടതിനു ശേഷമാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു മനസിലാവുന്നത്. നെറ്റ് വര്‍ക്ക് തകരാര്‍ കാരണമാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്.
ദിവസേന നൂറുകണക്കിനാളുകളാണ് ഇരുടൗണുകളിലെയും എ.ടി.എമ്മുകളില്‍ പണത്തിനായി എത്തുന്നത്. ബാങ്കിലെ തിരക്കൊഴിവാക്കാന്‍ എ.ടി.എമ്മിനെ സമീപിക്കാന്‍ ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും തകരാറിലായ എ.ടി.എമ്മുകള്‍ നന്നാക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."