കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതി, അന്വേഷണത്തില്‍ എല്ലാം പുറത്ത് വരും രമേശ് ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതിയാണെന്നും അന്വേഷണത്തില്‍ അതെല്ലാം പുറത്തുവരുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശ്രദ്ധ തിരിക്കാനാണ് മന്ത്രി തോമസ് ഐസക് ശ്രമിക്കുന്നത്. സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണ്. പ്രതിപക്ഷം ശക്തമായ തുടര്‍നടപടികള്‍ ആലോചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഗുരുതര അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക്കിന്റെ ഉണ്ടയില്ലാ വെടി. ഇല്ലാത്ത വിവാദമാണ് കുത്തിപ്പൊക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലാണ് മയക്കുമരുന്നു കച്ചവടം നടന്നത്. കോടിയേരി മാത്രമല്ല മുഖ്യമന്ത്രിയും രാജി വെക്കണം. സ്വര്‍ണ കള്ളക്കടത്ത്, ലഹരിമരുന്നു കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. കിഫ്ബിയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നു. അഴിമതി നടത്താനാണ് ഓഡിറ്റുകള്‍ വേണ്ട എന്ന നിലപാട് എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ രാഷ്ട്രപതിക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി പ്രതിപക്ഷം കൂടിയാലോചന തുടങ്ങി. സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വാദം. കിഫ്ബിക്കെതിരായ നീക്കത്തില്‍ സര്‍ക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാരിന് നല്‍കിയ കരട് റിപ്പോര്‍ട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീര്‍ക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം.
മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്പ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമാണ് കരട് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചത് ഗൂഡാലോചനയാണെന്നാണ് സര്‍ക്കാര്‍ വാദം. അഴിമതി പുറത്തുവരുന്നതിന് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യമാണ് ധനമന്ത്രിയുടേതെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ കോര്‍പറേറ്റ് കമ്പനിയായ കിഫ്ബിക്ക് ഭരണഘടനാ ചട്ടങ്ങള്‍ ബാധകമല്ല എന്നാണ് സര്‍ക്കാര്‍ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."