ആദിവാസികളെ മുഖ്യ കണ്ണിയാക്കി സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍
പാലക്കാട്: മാവോയിസ്റ്റുകളെ നേര്‍വഴിയിലാക്കാന്‍ ആദിവാസികളെ മുഖ്യമാധ്യമമാക്കി സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ കൂടി പരിഗണിച്ചാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.
മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഡി.ജി.പിയും വിശദ ചര്‍ച്ച നടത്തി. മാവോയിസ്റ്റുകളെ ആയുധം ഉപേക്ഷിച്ച് ജനാധിപത്യസമരമാര്‍ഗങ്ങളിലേക്കും നിലപാടുകളിലേക്കും എത്തിക്കുന്നതിനായി ആദിവാസികളെ മുഖ്യമാധ്യമമാക്കി ബോധവല്‍ക്കരണം സാധ്യമാക്കുന്ന പദ്ധതികള്‍ക്കാണ് മാസ്റ്റര്‍ പ്ലാനില്‍ പ്രഥമ പരിഗണന നല്‍കുന്നത്. പൊലിസിന് പുറമെ മറ്റ് വകുപ്പുകളെയും പദ്ധതിയില്‍ പങ്കാളികളാക്കും.
ത്രിതല പഞ്ചായത്തുകളെയാണ് പ്രധാനമായും ഇക്കാര്യത്തിന് ഉപയോഗപ്പെടുത്തുക. രണ്ട് വര്‍ഷം മുന്‍പാണ് മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വന്നത്. എന്നാല്‍ ഈ തീരുമാനം പൊലിസിന്റെ ഉന്നത കേന്ദ്രങ്ങളില്‍ മാത്രം ചര്‍ച്ചയാവുകയും തീരുമാനങ്ങളും കീഴടങ്ങല്‍ വ്യവസ്ഥകളും വേണ്ട രീതിയില്‍ മാവോയിസ്റ്റുകള്‍ക്ക് എത്തിക്കാനും കഴിഞ്ഞിരുന്നില്ല. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കുള്ള പുനരധിവാസ പാക്കേജ് ആകര്‍ഷകമല്ലെന്ന് അഭിപ്രായം മാവോയിസ്റ്റുകള്‍ക്കും ഇക്കാര്യത്തില്‍ പ്രയത്‌നിച്ച പൊലിസ് ഓഫിസര്‍മാര്‍ക്കും ഉണ്ടായിരുന്നു. എങ്കിലും പൊലിസ് ശ്രമം തുടര്‍ന്നെങ്കിലും സംസ്ഥാനത്ത് ഒരു മാവോയിസ്റ്റും കീഴടങ്ങിയില്ല.
മറ്റ് സംസ്ഥാനങ്ങളിലെ പുനരധിവാസ പാക്കേജുകളില്‍ ആകൃഷ്ടരായ ചിലര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവിടങ്ങളില്‍ കീഴടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകളെ ആകര്‍ഷിക്കാനും അവരെ പുനരധിവസിപ്പിക്കാനും പുതിയ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇപ്പോഴും ആദിവാസി മേഖലകളിലെ സ്ഥിരം സന്ദര്‍ശകരായ ഇവര്‍ക്ക് ആദിവാസികളിലൂടെ തന്നെ പുനരധിവാസ പാക്കേജുകളെക്കുറിച്ചുള്ള സന്ദേശം എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഇതിനായി ആദിവാസി കേന്ദ്രങ്ങളില്‍ എത്തും. ഇതിന് പുറമെ മാവോയിസ്റ്റ് ലഘുലേഖകളില്‍ പറയുന്ന കാര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അതിലെ പരാതികള്‍ പരിഹരിക്കാന്‍ തയാറാവാനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡി.ജി.പി, മാവോയിസ്റ്റ് സാന്നിധ്യം ഉള്ള ജില്ലകളിലെ ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരും പങ്കെടുത്തിരുന്നു. അടുത്ത യോഗം താമസിയാതെ വയനാട്ടില്‍ നടക്കും. ഇതിനു മുന്‍പായി ആദിവാസികള്‍ക്ക് വിശ്വാസമുണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ക്ക് തുടക്കമിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കീഴടങ്ങിയവര്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ നേടുന്നതിന് മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിര്‍ത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദേശിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."