എറണാകുളം ഉറച്ച വലത് കോട്ട; ഒരു കൈ നോക്കാന്‍ ഇടതും
ഉറച്ച കോട്ടയായ എറണാകുളത്ത് അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളുടെ കൂടി പിന്തുണയോടെ വിജയമാവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അതേസമയം രാഷ്ട്രീയ വളക്കൂറുള്ള മണ്ണില്‍ വിജയ പ്രതീക്ഷയില്‍ തന്നെയാണ് എല്‍.ഡി.എഫ്. സ്വാധീന മേഖലകളില്‍ വിജയം ലക്ഷ്യമിട്ട് ബി.ജെ.പിയും എസ്.ഡി.പി.ഐയും പി.ഡി.പിയുമുണ്ട്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റിയും അവരുടെ മാതൃക പറ്റി കൊച്ചി നഗരത്തില്‍ കന്നിയങ്കത്തിനിറങ്ങുന്ന വി ഫോര്‍ കൊച്ചിയും വരെ വിജയ പ്രതീക്ഷയിലാണ്.
കൊവിഡിനും സാമ്പത്തിക മാന്ദ്യത്തിനും പുറമേ മാലിന്യസംസ്‌കരണമുള്‍പ്പെടെയുള്ള പരിഹാരം കീറാമുട്ടിയായ പ്രാദേശിക വിഷയങ്ങളും മലങ്കര സഭയിലെ പള്ളിത്തര്‍ക്കവും വരെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമ്പോള്‍ വിധി പ്രവചനാതീതമാകും.
2015ലെ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനിലുള്‍പ്പെടെ നേടിയ മികച്ച വിജയം നല്‍കിയ ആത്മവിശ്വാസമാണ് യു.ഡി.എഫിനെ നയിക്കുന്നത്. തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് കൂടുതല്‍ കരുത്ത് കാട്ടി. കൊച്ചി കോര്‍പറേഷനില്‍ 38 സീറ്റുകള്‍ നേടിയാണ് ഭരണം നിലനിര്‍ത്തിയത്. 30 സീറ്റുകള്‍ എല്‍.ഡി.എഫ് നേടി. ഇതില്‍ ഏഴും സ്വതന്ത്രന്‍മാരായിരുന്നു. കയ്യിലുണ്ടായിരുന്ന രണ്ടു സീറ്റുകളും നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നു.
ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 27ല്‍ 16 ഡിവിഷനിലും യു.ഡി.എഫിനായിരുന്നു ജയം. പത്തിടത്ത് എല്‍.ഡി.എഫും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. 82 പഞ്ചായത്തുകളില്‍ 41 പഞ്ചായത്തുകളിലെ ഭരണം യു.ഡി.എഫ് നേടി. ബി.ജെ.പി സംപൂജ്യരായി. ശക്തമായ ബഹുകോണ മത്സരം നടന്ന കിഴക്കമ്പലം പഞ്ചായത്തില്‍ 19 വാര്‍ഡില്‍ 17ലും വിജയിച്ച കിറ്റെക്‌സ് കമ്പനിയുടെ നേതൃത്വത്തിലുള്ള 2020 ഗ്രൂപ്പ് ഭരണം നേടി സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടി. ഇത്തവണയും ഇവിടെ ഇതേ ഗ്രൂപ്പ് മത്സരരംഗത്ത് വരുമ്പോള്‍ തോല്‍പിക്കാന്‍ സര്‍വസന്നാഹങ്ങളുമായി മുന്നണികളുമുണ്ട്. 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്‍പതിലും യു.ഡി.എഫിനായിരുന്നു ജയം. നഗരസഭകളിലും യു.ഡി.എഫിന് തന്നെയായിരുന്നു മുന്‍തൂക്കം. ജില്ലയില്‍ ആകെയുള്ള 1338 പഞ്ചായത്ത് വാര്‍ഡുകളില്‍ 600 വാര്‍ഡുകളാണ് യു.ഡി.എഫ് നേടിയത്. 587 വാര്‍ഡുകളില്‍ എല്‍.ഡി.എഫും വിജയിച്ചു. ബി.ജെ.പി 46, മറ്റുള്ളവര്‍ അഞ്ച്. ബ്ലോക്ക് പഞ്ചായത്ത്: യു.ഡി.എഫ് 98, എല്‍.ഡി.എഫ് 80, സ്വതന്ത്രര്‍ ഏഴ്, നഗരസഭ: യു.ഡി.എഫ് 180, എല്‍.ഡി.എഫ് 180, സ്വതന്ത്രര്‍ 38, ബി.ജെ.പി 23.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."