വേനല്‍ കനത്തതോടെ ജില്ലയിലെ പുളിയുത്പാദനത്തിലും പ്രതിസന്ധി
കുഴല്‍മന്ദം: വേനല്‍ കനത്തതോടെ മറ്റ് വിളകള്‍ക്കെന്നപോലെ മഴക്കുറവ് പുളിവ്യവസായത്തെയും ബാധിച്ചു. സാധാരണ സീസണേക്കാള്‍ 30-40 ശതമാനം ഉത്പാദനക്കുറവുണ്ടായതായി വാളന്‍പുളി കച്ചവടക്കാര്‍ പറയുന്നു. ഉത്പാദനം കുറഞ്ഞെങ്കിലും പുളിവില ഉയര്‍ന്നിട്ടില്ല.
കൊടുവായൂര്‍ അങ്ങാടിയില്‍ മാത്രം 35-45 ടണ്‍ പുളിക്കച്ചവടം നടക്കുന്നുണ്ട്. പ്രധാനമായും പ്രാദേശിക ചെറുകിട ഉത്പാദകരും കച്ചവടക്കാരുമാണ് അങ്ങാടിയില്‍ സംസ്‌കരിച്ച പുളിയെത്തിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലും കൃഷിക്കുപയോഗിക്കാത്ത സ്ഥലത്തുമുള്ള പുളിമരത്തില്‍നിന്ന് വീണുകിട്ടുന്നതും പറിച്ചെടുക്കുന്നതുമായ പുളി തോട് കളഞ്ഞ് ഉണക്കി സംസ്‌കരിച്ച് അങ്ങാടിയിലെത്തിക്കുകയാണ് പതിവ്. തൊണ്ടോടുകൂടിയ പുളി തൂക്കി വില്‍ക്കുന്നവരുമുണ്ട്. സംസ്‌കരിച്ച് നല്‍കുന്നവര്‍ക്ക് പുളിങ്കുരു കൂടി വില്‍പനയ്ക്ക് കിട്ടും.
തൊണ്ടോടുകൂടിയ പുളി കിലോക്ക് 15-20 രൂപയ്ക്ക് വീടുകളില്‍നിന്ന് ചെറുവാഹനങ്ങളില്‍ ശേഖരിച്ച് സംസ്‌കരിച്ച് നല്‍കുന്ന ചെറുകിടകച്ചവടക്കാര്‍ക്ക് ഈ സീസണ്‍ നിരാശയുടെതാണ്. മറ്റ് സാധനങ്ങളുടെ വിലക്കയറ്റവും കൂലി വര്‍ധനയുമുണ്ടായിട്ടും സംസ്‌കരിച്ച പുളി കഴിഞ്ഞ വര്‍ഷത്തെ വിലയായ 60-70 രുപയ്ക്കാണ് ഇത്തവണയും കച്ചവടം നടക്കുന്നത്.
പുളിങ്കുരുവിനും കഴിഞ്ഞ വര്‍ഷത്തെ വിലയായ 12-13 രൂപയാണ്. കാലിത്തീറ്റയ്ക്കായി ചങ്ങനാശ്ശേരി, ഇരിങ്ങാലക്കുട, വിരുദുനഗര്‍ എന്നിവിടങ്ങളിലേക്കാണ് പുളിങ്കുരു പോകുന്നത്. പാലക്കാട് ജില്ലയില്‍ പുളിസീസണ്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. അതിനുശേഷം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് പുളിയെത്തും.
ഇതര സംസ്ഥാന പുളിക്ക് മധുരം കൂടുതലായതിനാല്‍ പ്രാദേശിക പുളിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇതരസംസ്ഥാന പുളി കൂടുതല്‍ കറുപ്പു നിറമുള്ളതും എളുപ്പത്തില്‍ കേടാകുന്നതുമാണെന്ന് കൊടുവായൂരിലെ വ്യാപാരികള്‍ പറയുന്നു.
കൊടുവായൂര്‍ അങ്ങാടിയില്‍ എത്തന്നൂര്‍, കരിപ്പോട്, കുനിശ്ശേരി, മഞ്ഞളൂര്‍, വിത്തനശ്ശേരി, പല്ലാവൂര്‍, പെരുവെമ്പ് മേഖലകളില്‍നിന്നാണ് പുളി കൂടുതലെത്തുന്നത്. ഓണക്കാലമാകുന്നതോടെ പുളിക്ക് വിലയുയരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
ഗള്‍ഫ് നാടുകളിലേക്കുള്‍പ്പെടെയുള്ള കയറ്റുമതിക്കും ഓണക്കാലത്ത് സാധ്യത കൂടുമെന്നാണ് ഇനിയുള്ള പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."