എത്യോപ്യയിലെ അട്ടിമറി ശ്രമം: വിമത സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി
അഡിസ് അബാബ: എത്യോപ്യയില്‍ പ്രദേശിക ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ച വിമത സൈനികന്‍ ബ്രഗേഡിയര്‍ ജനറല്‍ അസാമിനോ ടസഗിയെ കൊലപ്പെടുത്തി. അംഹാര പൊലിസാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് എത്യോപ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. അംഹാര തലസ്ഥാനമായ ബഹിര്‍ ദറില്‍വച്ചാണ് അസാമിനോ ടസഗിയെ വെടിവച്ച് കൊന്നത്. അംഹാര ഗവര്‍ണറെയും ഉപദേശകനെയും ഇദ്ദേഹംകഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു. കൂടാതെ സൈനിക തലവന്‍ സിയറെ മെകോന്നനെ അംഗ രക്ഷകന്‍ കൊലപ്പെടുത്തിയതിലും ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. അംഹാരയിലെ ഭരണ അട്ടിമറി ശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സൈനിക തലവന്‍ കൊല്ലപ്പെട്ടത്.
ഗോത്ര സംഘര്‍ഷങ്ങള്‍ ശക്തമായ അംഹാരയിലെ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. കൂടാതെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സംഘര്‍ഷമുള്ള പ്രദേശമാണിത്. അംഹാര, ഗുമുസ് വിഭാഗങ്ങള്‍ക്കിടിയിലാണ് സംഘര്‍ഷങ്ങള്‍. കഴിഞ്ഞ മാസം ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ മരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതനായ ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍പ്പെട്ടയാളാണ് അസാമിനോ ടസഗി. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് നേരത്തേ ഒന്‍പത് വര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."