അനധികൃതമായി കുട്ടികളെ കടത്തി; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍നിന്ന് അനധികൃതമായി കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിയും പാലക്കാട് ഗോപാലപുരത്തെ താമസിക്കുന്ന മാത്യു ജോര്‍ജ് (43) ആണ് അറസ്റ്റിലായത്.
കേസിലെ മറ്റൊരു പ്രതിയായ ഫാ. ജോണ്‍ ഡല്‍ഹിയിലായതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാള്‍ നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അധികൃതര്‍ പറഞ്ഞു.
ഇരുവര്‍ക്കുമെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിന് പൊലിസ്് ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.
ബുധനാഴ്ചയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറക്ക് സമീപത്തെ മേനോമ്പാറയിലെ വീട്ടില്‍ അനധികൃതമായി താമസിപ്പിച്ചിരുന്ന 10നും 15നും ഇടയില്‍ പ്രായമുള്ള 14 കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്.
ഗ്രേസ് കെയര്‍ മൂവ്മെന്റ് എന്ന സ്ഥാപനമാണ് കുട്ടികളെ ഇവിടേക്ക് എത്തിച്ചത്. പരിശോധനയില്‍ ഇവര്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. പാലക്കാട് മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിലാണ് കുട്ടികള്‍ ഇപ്പോള്‍ താമസിക്കുന്നത്.
പാലക്കാടെത്തുന്നതിന് മുമ്പ് കോയമ്പത്തൂരിലെ ചാവടിയില്‍ ഒരു വര്‍ഷം താമസിച്ച് പഠിച്ചിട്ടുണ്ടെന്ന് കുട്ടികള്‍ അറിയിച്ചിരുന്നു.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇവരില്‍ ഏറെപ്പേരും അനാഥരാണ്.
ഐ.സി.ഡി.എസിന്റെ ഗൃഹസന്ദര്‍ശനത്തിനിടയിലാണ് മേനോമ്പാറയിലെ ഒരു വീട്ടില്‍ ഇതര സംസ്ഥാനക്കാരായ കുട്ടികളെ പാര്‍പ്പിച്ചിരുന്നതായി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."