'ഇവരും അര്‍ണബിനെ പോലെയല്ലേ?'
ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ പട്ടിക നിരത്തിയാണ് പ്രശാന്ത് ഭൂഷണ്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്
മുംബൈ: റിപ്പബ്ലിക് ടി.വിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അസാധാരണമാംവിധം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച സുപ്രിംകോടതി നടപടിക്കെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അര്‍ണബിന്റെ കേസില്‍ വാദംകേട്ട് ജാമ്യം അനുവദിക്കാന്‍ സുപ്രിംകോടതി വലിയ ആവേശം കാണിച്ച സ്ഥിതിക്ക്, വ്യക്തി സ്വാതന്ത്ര്യത്തിനായി ജുഡീഷ്യറിയുടെ കാരുണ്യം കാത്തുകഴിയുന്ന ആക്ടിവിസ്റ്റുകളുടെയും ഗവേഷകരുടെയും പട്ടിക ഇതാ എന്നു പറഞ്ഞാണ് ലേഖനം അദ്ദേഹം പങ്കുവച്ചത്. സാധാരണ രീതിയില്‍ വാദം കേള്‍ക്കാന്‍ അവസരം ലഭിക്കുന്നതിനും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും ഇവരെല്ലാം ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
വിചാരണത്തടവുകാരായി ജയിലുകളില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകരെയും ഗവേഷകരെയും മാധ്യമപ്രവര്‍ത്തകരെയും കുറിച്ച് ദി വയര്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതിയുടെ നടപടിയെ വിമര്‍ശിച്ചത്. ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെ, വിപ്ലവ കവി വരവരറാവു, ഗൗതം നവ്‌ലാഖ തുടങ്ങിയവര്‍, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയതിന് അറസ്റ്റിലായ ജാമിഅ വിദ്യാര്‍ഥി നേതാക്കള്‍ തുടങ്ങി സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.
ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് അര്‍ണബ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, കീഴ്‌വഴക്കങ്ങള്‍ മറികടന്ന് അസാധാരണമാംവിധമാണ് സുപ്രിംകോടതി അര്‍ണബിനെ കേട്ടത്. എഫ്.ഐ.ആറില്‍ തീര്‍പ്പ് കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അതു നീതി നിഷേധമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. അര്‍ണബിന്റെ ഹരജി അടിയന്തരമായി പരിഗണിച്ച നടപടിയെ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരും വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."