ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍മാറിയത് നിര്‍ഭാഗ്യകരം: യാക്കോബായ വിഭാഗം
കൊച്ചി: മലങ്കര സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നുവന്ന ചര്‍ച്ചകളില്‍നിന്നു പിന്‍മാറാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തീരുമാനം നിര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്നു യാക്കോബായ സഭാ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത.
50 വര്‍ഷത്തോളമായി രണ്ടു സഭകളായി നിലനില്‍ക്കുന്നവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും വിശകലനം ചെയ്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്തുള്ള പിന്‍മാറ്റ തീരുമാനം ദുഃഖകരമാണ്. കഴിഞ്ഞ ചര്‍ച്ചകളുടെ സത്യസന്ധമായ സംക്ഷിപ്ത രൂപമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിലൂടെ കോടതിയില്‍ സമര്‍പ്പിച്ചത്. ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളും ഒരു പള്ളിയിലും പ്രകോപനമോ സംഘര്‍ഷമോ ഉണ്ടാക്കില്ലെന്നു മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരുന്നതാണ്. ഇക്കാര്യമാണ് ചര്‍ച്ചകളുടെ മിനുട്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇരുകൂട്ടരും സമ്മതിച്ച തീരുമാനങ്ങളെ തള്ളിപ്പറയുന്ന ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ നിലപാട് അപലപനീയവും സത്യവിരുദ്ധവുമാണെന്നും യാക്കോബായ വിഭാഗം പറഞ്ഞു.
തുടര്‍ ചര്‍ച്ചകള്‍ക്കായി ഇരു വിഭാഗങ്ങളില്‍നിന്നും ഓരോ കോഡിനേറ്റര്‍മാരെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരുവിഭാഗങ്ങളും സമ്മതിക്കുകയും ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്താണ് അവസാന ചര്‍ച്ച പിരിഞ്ഞത്. അതുപ്രകാരമാണ് യാക്കോബായ സഭ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്തയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. കോതമംഗലം, മുളന്തുരുത്തി പള്ളികള്‍ ബലമായി പിടിച്ചെടുക്കാനും അവിടെ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങളിലൂടെ ഓര്‍ത്തഡോക്‌സ് നേതൃത്വം പരസ്പര ധാരണയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ചകളില്‍ സഹകരിക്കുകയാണ് ഓര്‍ത്തഡോക്‌സ് നേതൃത്വം ചെയ്യേണ്ടതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."