മുഗള്‍ മാളിലെ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം
കൊടുങ്ങല്ലൂര്‍: മുഗള്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കടകളുടെയും ലൈസന്‍സ് റദ്ദാക്കാനും മാളില്‍ പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകളില്‍ ടിക്കറ്റ് ചാര്‍ജ് വെട്ടിച്ചുരുക്കാനും വെള്ളിയാഴ്ച നഗരസഭ ചെയര്മാന് സി.സി. വിപിന്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നഗരസഭ വിലക്കിയ പാര്‍ക്കിങ്ങ് ഫീസ് പിരിവ് കോടതി ഉത്തരവിലൂടെ വീണ്ടും നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് നഗരസഭ ശക്തമായ നടപടികളിലേക്ക് തിരിഞ്ഞത്. തിയേറ്ററുകളിലെ ടിക്കറ്റ് ചാര്‍ജ് ഇരുപത് രൂപ വീതം കുറക്കുവാനാണ് തിയേറ്റര്‍ അധികൃതരെ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തി നഗരസഭ നിര്‍ദ്ദേശിച്ചത്. മാളിലെ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളാരംഭിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാര്‍ക്കിങ്ങ് ഫീസ് പിരിവിനെതിരെ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ഇതേ തുടര്‍ന്ന് ഒന്നരയാഴ്ചയോളം ഫീസ് പിരിവ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
പിന്നീട് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് വാങ്ങി മാള്‍ ഉടമ പാര്‍ക്കിങ്ങ് ഫീസ് പിരിവ് പുനരാരംഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ മാളിലെ തിയേറ്റര്‍ ഉടമകളെയും കച്ചവടക്കാരെയും സമര്‍ദ്ദത്തിലാക്കുന്ന കടുത്ത തീരുമാനങ്ങളെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."