കൊടുവള്ളി സ്വര്‍ണക്കടത്ത് കേസ്: ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം
കോഴിക്കോട്: കൊടുവള്ളി സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡി.ആര്‍.ഐ നീക്കം. കോഫെപോസ ചുമത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതികളായ കിഴക്കോത്ത് ആവിലോറ സ്വദേശി ഷമീര്‍ അലി, കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നീക്കം നടത്തുന്നത്. പ്രതികള്‍ക്ക് പൊലിസിന് മുന്‍പാകെ ഹാജരാകാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇതിനെ തുടര്‍ന്ന് ഇവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കാന്‍ ഡി.ആര്‍.ഐ തീരുമാനിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ കോഫെപോസെ ചുമത്തപ്പെട്ട ഷമീര്‍ അലിയും സൂഫിയാനും പൊലിസില്‍ കീഴടങ്ങണമെന്ന് കാണിച്ച് മെയ് 21ന് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ വിജ്ഞാപനമിറക്കിയിരുന്നു. ഏഴുദിവസത്തെ സമയപരിധിയായിരുന്നു സ്വമേധയാ ഹാജരാവാന്‍ പ്രതികള്‍ക്ക് അന്ന് അനുവദിച്ചിരുന്നത്. കേസില്‍ കോഫെപോസെ ചുമത്തപ്പെട്ട മറ്റ് മൂന്നു പ്രതികളായ തഹിം, നസീം, ഷാഫി എന്നിവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാണ്.
2018 ഓഗസ്റ്റില്‍ മുക്കത്തിനടുത്ത നീലേശ്വരം സ്വദേശി നസീം, സഹോദരന്‍ തഹിം എന്നിവരുടെ വീട്ടില്‍ നിന്ന് സ്വര്‍ണം ശുദ്ധീകരിച്ചതിന്റെ രേഖകള്‍, രണ്ടരലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം, സ്വര്‍ണക്കടത്തിന് ഉപയോഗിച്ച ഉള്‍വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്ത കേസിലാണ് ഡി.ആര്‍.ഐയുടെ നടപടി. ഇതിനു പുറമെ പ്രതികള്‍ 20 കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്നും ഡി.ആര്‍.ഐ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണക്കടത്തില്‍ ഷമീര്‍ അലിക്ക് പുറമെ താമരശേരി സ്വദേശി ഷറഫുദ്ദീന്‍, സഹോദരന്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്കുമെതിരേ നേരത്തേ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
ഷമീര്‍ ബഹ്‌റൈനിലും മറ്റ് പ്രതികള്‍ ദുബൈയിലും ഒളിവില്‍ കഴിയുകയാണെന്ന് ഡി.ആര്‍.ഐക്ക് കിട്ടിയ രഹസ്യവിവരം. സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി സ്വദേശികളായ അല്‍ അമീന്‍, ഷിഹാബുദ്ദീന്‍, മുജീബ് റഹ്മാന്‍, ഷിഹാദ് അലി, മുഹമ്മദ് ഷമീര്‍, കണ്ണൂര്‍ സ്വദേശി സഹദ് എന്നിവരെയും ഡി.ആര്‍.ഐ പ്രതിചേര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."