യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഹിലരി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി
ഫിലാഡല്‍ഫിയ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റനെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിന്റെ ആദ്യ ദിനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും സെനറ്ററുമായ ബേണി സാന്‍ഡേഴ്‌സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്. ഫിലാഡല്‍ഫിയയിലെ വെല്‍സ് ഫാര്‍ഗോ സെന്ററിലാണ് കണ്‍വന്‍ഷന്‍. വെര്‍ജീനിയ സെനറ്റര്‍ ടിം കെയിനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.
ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വനിത മത്സരിക്കുന്നത്. ജനങ്ങള്‍ തനിക്കു നല്‍കിയ ആദരമാണ് സ്ഥാനാര്‍ഥിത്വമെന്ന് ഹിലരി പറഞ്ഞു. സന്തോഷത്തിന്റ രാവും പകലുമാണിത്. അതിയായ സന്തോഷമുണ്ട്. ആദ്യത്തെ വനിതാ പ്രസിഡന്റാകാന്‍ എല്ലാവരുടേയും പിന്തുണയും ഹിലരി അഭ്യര്‍ഥിച്ചു.
ഹിലരിക്ക് പിന്തുണയുമായി മുന്‍ യു.എസ് പ്രസിഡന്റും ഭര്‍ത്താവുമായ ബില്‍ ക്ലിന്റനും എത്തിയിരുന്നു. ഭാര്യയും ഉറ്റ സുഹൃത്തുമായ ഹിലരി യു.എസിനെ നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിലരിയെ ആദ്യം കണ്ടുമുട്ടിയ നിമിഷങ്ങളും ഇതാദ്യമായി ബില്‍ ക്ലിന്റന്‍ മനസ്സുതുറന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ വിവിധ പ്രൈമറികളില്‍ നിന്ന് 2220 പേരുടെയും 591 സൂപ്പര്‍ പ്രതിനിധികളും ഉള്‍പ്പെടെ 2811 പേരുടെ പിന്തുണ ഹിലരിക്ക് ലഭിച്ചു. പാര്‍ട്ടിയിലെ മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സിന് പ്രൈമറികളില്‍ നിന്ന് 1831 പേരുടെയും 48 സൂപ്പര്‍ പ്രതിനിധികളുടെയും അടക്കം 1879 പ്രതിനിധികളുടെ പിന്തുണയാണ് ലഭിച്ചത്.
ഈയിടെ ഡൊണാള്‍ഡ് ട്രംപിനെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. 1542 പ്രതിനിധികളുടെ പിന്തുണ നേടിയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."