ജീവന് ഭീഷണിയായേക്കും; മോദിക്കെതിരായ അശോക് ലവാസയുടെ വിയോജനക്കുറിപ്പ് വെളിപ്പെടുത്താനാവില്ല- തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനത്തില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനത്തെ എതിര്‍ത്ത അശോക് ലവാസയുടെ വിയോജനക്കുറിപ്പുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിയോജനക്കുറിപ്പ് വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ എട്ട്(1)(ജി)യില്‍ വ്യക്തിയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതോ സുരക്ഷാകാരണങ്ങളുള്ളതോ ആയ വിവരങ്ങള്‍ കൈമാറരുതെന്ന നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
വിയോജിപ്പ് രേഖപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം തള്ളി
ഏപ്രില്‍ ഒന്ന്, ഒമ്പത്, 21, 25 ദിവസങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. ഈ തീരുമാനത്തോട് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചു. മാത്രമല്ല തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും അശോക് ലവാസ വ്യക്തമാക്കിയിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."