റഷീദിന്റെ തോട്ടം വിദേശ പഴങ്ങളുടെ പറുദീസ മിറാക്കിള്‍ ഫ്രൂട്ട് മുതല്‍ ജബോട്ടിക്ക വരെ
മലപ്പുറം: വേണേല്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴഞ്ചൊല്ല്് അന്വര്‍ഥമാക്കുകയാണ് മലപ്പുറം പെരിങ്ങോട്ടുപുലം പഴേടത്ത് അബ്ദുല്‍ റഷീദ്. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന എഴുപതോളം പഴച്ചെടികള്‍ തന്റെ തോട്ടത്തില്‍ നട്ടുവളര്‍ത്തി വിളവെടുത്താണ് റഷീദ് വ്യത്യസ്തനാകുന്നത്.
എഴുപത് ഇനങ്ങള്‍ക്കു പുറമേ ഓരോ ഇനത്തിനും നാലും അഞ്ചും വൈവിധ്യ ഇനങ്ങളും ഇവിടെയുണ്ട്. മിറാക്കിള്‍ ഫ്രൂട്ട് മുതല്‍ ലിച്ചിവരെ കായ്ച്ചുനില്‍ക്കുന്നു. പുലോസാന്‍, പീനട്ട് ബട്ടര്‍ ഫ്രൂട്ട്, ലോംഗാന്‍, ലാങ്‌സാറ്റ്, മാങ്കോസ്റ്റിന്‍, ജബോട്ടിക്കാബ്, ജമൈക്കന്‍ മില്‍ക്ക് ഫ്രൂട്ട്, ഇസ്രാഈല്‍ ഓറഞ്ച്, ഫിങ്കര്‍ ലമണ്‍, ദുര്യന്‍ ചക്ക, നോനി ഫ്രൂട്ട്, ഫല്‍സ, മപ്രാങ്, ബ്ലാക്ക് ബെറി, സ്‌ട്രോബെറി, ബ്ലൂബെറി, കാക്കി ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, ബറാബ്, തായ്‌ലന്റ് പിങ്ക് ചക്ക, ചെമ്പടക്ക, ഗ്യാങ് സൂര്യ..... കണക്കെടുപ്പ് നീണ്ടുപോകുകയാണ്. ഇതിനു പുറമേയാണ് വയലറ്റ്, വെള്ള, ചുകപ്പ്, കറുപ്പ് പാഷന്‍ ഫ്രൂട്ടുകള്‍, ചൈനയില്‍നിന്നു കൊണ്ടുവന്ന ചുകപ്പ്, വയലറ്റ്, വിവിധ നിറങ്ങള്‍ കൂടിച്ചേര്‍ന്ന ചോളം, ആറിനം ചെറികള്‍ എന്നിവ. ഡ്രാഗണ്‍ ഫ്രൂട്ടിലും രണ്ടിനമുണ്ട്.
കാന്‍സര്‍ രോഗികള്‍ക്കു കീമോ തെറാപ്പിക്കു ശേഷം രുചി നഷ്ടപ്പെടുമ്പോള്‍ മിറാക്കിള്‍ ഫ്രൂട്ട് നല്‍കിയാല്‍ രുചി ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. വിവിധ തരം ചക്കയും ഞാവല്‍പഴവും റഷീദിന്റെ തോട്ടത്തിലുണ്ട്.
പഴങ്ങള്‍ക്കും തൈകള്‍ക്കും പൊള്ളുന്ന വിലയാണെങ്കിലും ഇതുവരെ പണം ഈടാക്കി ആര്‍ക്കും തൈകളോ വിത്തുകളോ നല്‍കിയിട്ടില്ല.
താല്‍പര്യക്കാര്‍ക്ക് സൗജന്യമായി വിത്തുകളും ചെടികളും നല്‍കുകയാണ് പതിവ്. നൂറ് ശതമാനം ജൈവവളം ഇപയോഗിച്ചാണ് കൃഷി. വീട് നില്‍ക്കുന്ന അറുപത് സെന്റില്‍ 35 സെന്റ് പൂര്‍ണമായും കൃഷിക്കായി മാറ്റിവച്ചിരിക്കുകയാണ്. മലപ്പുറം കുന്നുമ്മലില്‍ പഴക്കുല മൊത്തക്കച്ചവടക്കാരനായ റഷീദ് എല്ലാ ദിവസവും മൂന്നു മണിക്കൂര്‍ കൃഷിക്കായി വിനിയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."