ഇടത്തോട്-കോളിയാര്‍ റോഡ് നിര്‍മാണം തുടങ്ങി
രാജപുരം: എട്ടുമാസം മുമ്പ് കരാര്‍ നല്‍കിയിട്ടും നിര്‍മാണപ്രവര്‍ത്തി തുടങ്ങാതിരുന്ന ഇടത്തോട്-കോളിയാര്‍ റോഡ് പണി തുടങ്ങി. പ്രവര്‍ത്തി വിവരങ്ങള്‍ ബോര്‍ഡില്‍ ഒതുക്കി നിര്‍മാണം തുടങ്ങാത്തതു സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് കഴിഞ്ഞ ദിവസം നിര്‍മാണം തുടങ്ങിയത്. നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറന്നു കൊടുക്കേണ്ട റോഡിന്റെ നിര്‍മാണമാണ് വൈകിയാണെങ്കിലും തുടങ്ങിയത്.
കഴിഞ്ഞ ദിവസം കോളിയാറില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ജോലിയാണ് തുടങ്ങിയത്. റോഡില്‍ 12 കലുങ്കുകളുണ്ടാകും. മെക്കാഡത്തിനു പകരം 20 എം.എം പ്രീ മിക്‌സിങ്ങ് കാര്‍പെറ്റ് റോഡായിരിക്കും നിര്‍മിക്കുക. ഇടത്തോട് മുതല്‍ കോളിയാര്‍ കത്തുണ്ടി വരെയുള്ള 4.800 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനാണ് കരാര്‍ നല്‍കിയത്. പ്രധാന മന്ത്രി ഗ്രാമ സഡക് യോജന പദ്ധതി വഴിയാണ് റോഡ് അനുവദിച്ചത്. 325 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ആര്‍.ഡി.എ ആണ് പ്രവര്‍ത്തി നടത്തുന്നത്.
കരാര്‍ അനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പ്രവര്‍ത്തി തുടങ്ങി 2019 ഫെബ്രുവരി 13നു പൂര്‍ത്തിയാക്കി തുറന്നു കൊടുക്കേണ്ടതാണ്.
ചായ്യോത്ത് സ്വദേശി സി. നാരായണനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
റോഡ് യാഥാര്‍ഥ്യമാകുന്നതോടെ വെള്ളരിക്കുണ്ട് , പരപ്പ ഭാഗങ്ങളില്‍നിന്നു കാഞ്ഞങ്ങാട്ടേക്ക് ഏഴ് കിലോമീറ്റര്‍ ദൂരം കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."