കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യത: മുൻകരുതലേന്നോണം സഊദിയിലെ നജ്റാനിൽ പള്ളികളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി
റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാൽ മുൻകരുതലേന്നോണം സഊദിയിലെ നജ്റാനിൽ പള്ളികളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. കൊവിഡ് പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള അടിയന്തര യോഗത്തിൽ നജ്‌റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരന്റെ നിർദേശപ്രകാരമാണ് നടപടി. ഇവിടെ വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന മേഖലയിലെ 20 വ്യാപാര സ്ഥാപനങ്ങളും 23 ഓഡിറ്റോറിയങ്ങളും 16 മസ്ജിദുകളും അടക്കാനാണ് നിർദേശം.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉണ്ടാകാൻ സാധ്യതയെന്ന ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അൽ റബീഅയുടെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് നജ്റാനിൽ ഗവർണരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് നടപടികൾ കൈകൊണ്ടത്. മസ്ജിദുകളിലും വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും മുൻകരുതൽ, പ്രതിരോധ നടപടികളും പ്രോട്ടോകോളുകളും ബാധകമാക്കുന്നതിന് നേരിടുന്ന വെല്ലുവിളികളും യോഗം വിശകലനം ചെയ്തു.
മസ്ജിദുകളുടെ പ്രവേശന കവാടങ്ങളിൽ വളണ്ടിയർമാരുടെ സേവനം ഏർപ്പെടുത്താൻ നീക്കമുണ്ട്. ഇസ്‌ലാമിക കാര്യ മന്ത്രാലയ ശാഖ, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ, ആരോഗ്യ വകുപ്പ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തിയായിരിക്കും ഇത് തീരുമാനിക്കുക. കൂടാതെ, പ്രാവിശ്യയിൽ ലംഘനം നടത്തി പരിപാടികൾ സംഘടിപ്പിക്കുന്നവരെ വിളിച്ചു വരുത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാനും വിദേശികളുടെ താമസ സ്ഥലങ്ങളിലെ കൊവിഡ് പ്രതിരോധ കാര്യങ്ങളിലെ അപാകതകൾ സ്പോൺസർമാരുമായി സംസാരിച്ചു പരിഹാരം കാണാനും അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."