എന്‍മകജെ പഞ്ചായത്ത്: പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
പെര്‍ള: എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു രാവിലെയും ണ്ടണ്ടെവെകുന്നേരവുമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബി.ജെ.പിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തെ പിന്തുണച്ച ഇടതുപക്ഷഅംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമോയെന്നതിനെ കുറിച്ചു വ്യക്തമായ ധാരണയില്‍ എത്തിയിട്ടില്ല. എങ്കിലും എല്‍.ഡി.എഫിലെ സി.പി.ഐ അംഗം യു.ഡി.എഫിനെ പിന്തുണക്കാനാണ് സാധ്യത.
അതേസമയം, കോണ്‍ഗ്രസില്‍നിന്നു പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ. ശാരദ മത്സരിക്കും. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു മത്സരിക്കുമെന്നതിനെ കുറിച്ച് പഞ്ചായത്ത് ലീഗ് കമ്മിറ്റി ചര്‍ച്ച ചെയ്തുവെങ്കിലും അംഗങ്ങളായ നിലവിലെ പഞ്ചായത്ത് വെല്‍ഫയര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എ ആയിഷ, സിദ്ദീഖ് ഖണ്ടിഗെ, സിദ്ദീഖ് വളമുഗറു എന്നിവര്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുന്നതിന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നുവെന്നും ഏറ്റവും കൂടുതല്‍ സാധ്യത തെളിയുന്നത് സിദ്ദീഖ് വളമുഗറുവിനാണെന്നും ഒരു ലീഗ് നേതാവ് പറഞ്ഞു.
എന്നാല്‍, വികസന സ്റ്റാന്റിങ് കമ്മിറ്റിയിലെ ഒരു അംഗമാണ് എന്നതിനാല്‍ സിദ്ദീഖ് വളമുഗറു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗത്വം നഷ്ടപ്പെടുകയും ഒപ്പം കോണ്‍ഗ്രസിലെ പി. ജയശ്രി കുലാലിന് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
ഈ സാഹചര്യത്തില്‍ സിദ്ദീഖ് വളമുഗറുവിന് കോണ്‍ഗ്രസ് വോട്ട് ചെയ്യാതിരുന്നാല്‍ തല്‍സ്ഥാനം ബി.ജെ.പിക്കു ലഭിക്കാനാണ് സാധ്യത. അത്തരമൊരു സാഹചര്യമുണ്ടായാല്‍ നിഷ്പക്ഷ തിരുമാനമെടുക്കുമെന്ന് ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് അറിയിച്ചതായാണ് സൂചന.
17 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി ഏഴ്, കോണ്‍ഗ്രസ് നാല്, മുസ്‌ലിം ലീഗ് മൂന്ന്, സി.പി.എം രണ്ട്, സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് അംഗനില. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങളുള്ള എല്‍.ഡി.എഫ് വിട്ടുനിന്നിരുന്നു. ഇതിന്റെ ഫലമായി ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴു വോട്ടുകള്‍ വീതം ലഭിക്കുകയും നറുക്കെടുപ്പിലൂടെ ഇരു സ്ഥാനങ്ങളും ബി.ജെ.പിക്കു ലഭിക്കുകയുമായിരുന്നു.
ഒരു വര്‍ഷം മുമ്പ് ബി.ജെ.പി ഭരണത്തിനെതിരേ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നിരുന്നു. ഇടതുപക്ഷം പിന്തുണക്കാത്തതുകൊണ്ട് പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഏകാധിപത്യ ഭരണം നടത്തുന്നുവെന്നും വികസന മുരടിപ്പും ചൂണ്ടികാട്ടി ഓഗസ്റ്റ് എട്ടിന് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തെ എല്‍.ഡി.എഫ് പിന്തുണച്ചതിനാല്‍ ഏഴിനെതിരേ പത്തുവോട്ടുകള്‍ക്ക് ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍. ഭട്ടും വൈസ് പ്രസിഡന്റ് കെ. പുട്ടപ്പയും പുറത്താവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."