വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കംചെറുക്കണം: എസ്.വൈ.എസ്
കോഴിക്കോട്: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബജ്‌റങ്ദള്‍, വിശ്വഹിന്ദുപരിഷത്ത്, ആര്‍.എസ്.എസ് തുടങ്ങിയ തീവ്ര വലതുപക്ഷ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ പശുവിന്റെ പേരില്‍ നടത്തുന്ന അതിക്രമങ്ങള്‍ കേരളത്തിലേക്കുംവ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന് എസ്.വൈ. എസ്. മതേതര കേരളം ഈ വിപത്തിനെതിരേ ഒന്നിച്ചു നില്‍ക്കണമെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു.
പശു കച്ചവടക്കാരായ പുത്തൂര്‍പറ പുഞ്ച സ്വദേശി ഹംസ, അല്‍ത്താഫ് എന്നിവര്‍ അക്രമത്തില്‍ പരിക്കുപറ്റി ചെങ്കള ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും പണം മോഷ്ടിക്കുകയും ചെയ്തു എന്നാണ് പരാതി. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് സ്വാധീനം കൂടുതല്‍ ഉറപ്പിക്കുന്നതിന് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയാണ്. വരാനിരിക്കുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പശു ഭ്രാന്തരായ വര്‍ഗീയവാദികള്‍ കേരളത്തിന്റെ സാംസ്‌കാരിക മുഖത്ത് പരുക്കേല്‍പ്പിക്കുന്നത്. വര്‍ഗീയതയ്ക്ക് വളംവച്ച് കൊടുക്കുന്ന ഇത്തരം ശക്തികളെ മതേതര വാദികള്‍ ഒന്നിച്ചു ചെറുത്തു പരാജയപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."