അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരുന്നു
കോഴിക്കോട്: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം രണ്ടുദിവസം പിന്നിട്ടതോടെ യാത്രക്കാര്‍ ദുരിതത്തില്‍. പ്രധാനമായും ബംഗളൂരുവിലേക്കുള്ള യാത്രക്കാരെയാണ് സമരം കൂടുതലായി ബാധിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടിസി ബസുകള്‍ക്കുനേരെ ഇന്നലെ ബംഗളൂരുവില്‍ കല്ലേറുണ്ടായി. ഇതോടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.
അതേസമയം, സമരം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സമരത്തിനുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല. കല്ലട അടക്കമുള്ള ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന 400ഓളം സ്വകാര്യ ബസുകളാണ് സമരം നടത്തുന്നത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് 50ഓളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് ഇപ്പോള്‍ കര്‍ണാടകയിലേക്ക് സര്‍വിസ് നടത്തുന്നത്. തമിഴ്‌നാട്ടിലേക്ക് നാമമാത്രമായ കെ.എസ്.ആര്‍.ടി.സി ബസുകളും തമിഴ്‌നാട് കോര്‍പറേഷന്‍ ബസുകളും മാത്രമാണ് സര്‍വിസ് നടത്തുന്നത്. യാത്രാക്ലേശം പരിഹരിക്കാനായി കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസ് ഉടന്‍ ആരംഭിക്കും. അന്തര്‍സംസ്ഥാന റൂട്ടില്‍ കൂടുതല്‍ ബുക്കിങ് വരുന്നതിനനുസരിച്ച് സര്‍വിസ് ഓപറേറ്റ് ചെയ്യാനും കെ.എസ്.ആര്‍.ടി.സി നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ കര്‍ണാടക ആര്‍.ടി.സിയുടെ 25ഓളം സര്‍വിസുകള്‍ ഉടന്‍ തുടങ്ങാനും ധാരണയിലെത്തിയിട്ടുണ്ട്.
അന്തര്‍സംസ്ഥാന ബസുകളില്‍ നടക്കുന്ന പരിശോധനയായ ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ് നിര്‍ത്തിവയ്ക്കണമെന്നാണ് സമരത്തിലുള്ള ബസുടമകളുടെ ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."