തൃക്കലങ്ങോട്ടെ ചെണ്ട കൊട്ടാനൊക്കില്ല; കട്ടിലില്‍ കിടക്കാനുമാകില്ല
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തില്‍ എസ്.സി വനിതകള്‍ക്കുള്ള ചെണ്ടയും വൃദ്ധര്‍ക്കുള്ള കട്ടിലും വിതരണം ചെയ്തതില്‍ വ്യാപക അഴിമതി. പഞ്ചായത്ത് അധികൃതരും കരാറുകാരും തമ്മിലുള്ള ഒത്തുകളി മൂലം നഷ്ടമായത് 13 ലക്ഷം രൂപ.
2017 -18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏപ്രിലിലാണ് എസ്.സി വനിതകള്‍ക്കുള്ള ചെണ്ടകളും ഏലത്താളവും വിതരണം ചെയ്തത്. 21 വനിതകളുള്ള പഞ്ചായത്തിന്റെ യൂനിറ്റിനാണ് നാല് ലക്ഷം വിനിയോഗിച്ച് പതിനാല് ചെണ്ടകളും ഏഴ് ഏലത്താളവും നല്‍കിയത്. പാലക്കാട് ജില്ലയിലെ ഒരു ഗ്രൂപ്പിനായിരുന്നു ഇതിന്റെ കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ചെണ്ടകളും ഏലത്താളവും വിതരണം ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ തന്നെ പതിനാല് ചെണ്ടകള്‍ പൂര്‍ണമായി ഉപയോഗശൂന്യമാവുകയായിരുന്നു. കരാര്‍ ഏറ്റെടുത്ത കമ്പനി ചെണ്ടയും ഏലത്താളവും എത്തിച്ച സമയത്ത് തന്നെ നിലവാരം കുറഞ്ഞ ഉപകരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത് വന്നിരുന്നെങ്കിലും കരാര്‍ പിന്‍വലിക്കാനോ ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനൊ പഞ്ചായത്ത് അധികൃതര്‍ തയാറായിരുന്നില്ലെന്ന ആക്ഷേപം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ഉപകരണങ്ങള്‍ എസ്.സി വനിതകള്‍ക്ക് കൈമാറിയ ദിനത്തില്‍ ഉദ്ഘാടനമെന്ന നിലയില്‍ കൊട്ടിയത് ഒഴിച്ചാല്‍ പിന്നീടൊരിക്കലും ചെണ്ടയും ഏലത്താളവും ഉപയോഗിച്ചിട്ടില്ലെന്ന് ശിങ്കാരി മേളം ടീമിലെ അംഗങ്ങള്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ 20 ദിവസത്തെ കോഴ്‌സും ഒരു വര്‍ഷത്തെ രണ്ടാം ഘട്ട കോഴ്‌സും പൂര്‍ത്തിയായതിന് ശേഷം ചെണ്ടയും ഏലത്താളവും ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഇതോടെ കല്ലില്‍ കൊട്ടിയാണ് ടീമംഗങ്ങള്‍ പരിശീലനം നേടിയിരുന്നത്. ഫീസ് നല്‍കി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന കോഴ്‌സിന് ചേര്‍ന്ന വനിതകള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയായാല്‍ കൊട്ടാന്‍ ചെണ്ടയില്ലാത്ത അവസ്ഥയാണിപ്പോള്‍. ചെണ്ടയും ഏലത്താളവും മാറ്റിനല്‍കണമെന്നാവശ്യപ്പെട്ട് വനിതകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒന്‍പത് ലക്ഷം വിനിയോഗിച്ച് എസ്.സി വിഭാഗം വൃദ്ധര്‍ക്ക് നല്‍കിയ കട്ടിലുകളും തകര്‍ന്നിരിക്കുകയാണ്. പലരുടെയും കട്ടിലുകള്‍ ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പെ ദ്രവിച്ച അവസ്ഥയിലാണ്. ചെണ്ടയും ഏലത്താളവും കട്ടിലുകളും മാറ്റി നല്‍കണമെന്നും കരാറുകാരുടെ പേരില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."