കാപ്പില്‍ വി.ഉമര്‍ മുസ്ലിയാര്‍ ഓര്‍മയായിട്ട് ഇന്നത്തേക്ക് ഒരാണ്ട്
വെട്ടത്തൂര്‍: ജ്ഞാനസേവയിലൂടെ ഒരുപുരുഷായുസ് മുഴുവനും സമുദായ നന്മക്കും സാമൂഹിക പുരോഗതിക്കുമായി ഉഴിഞ്ഞുവച്ച കാപ്പില്‍ വി.ഉമര്‍ മുസ്‌ലിയാരുടെ വിയോഗത്തിന് ഇന്നത്തേക്ക് ഒരാണ്ട്. കഴിഞ്ഞവര്‍ഷം മുഹറം പന്ത്രണ്ടിനാണ് വിടപറഞ്ഞത്. 1937 ജൂലൈ നാലിന് വൈശ്യര്‍ കുഞ്ഞിമുഹമ്മദ് ഹാജി മണ്ണാര്‍മലയുടെയും ആനങ്ങാടന്‍ ഫാത്വിമ കാപ്പിന്റെയും മകനായാണ് ജനനം. ഏഴാംക്ലാസുവരെ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ ഉമര്‍ മുസ്‌ലിയാര്‍ പിന്നീട് മതരംഗത്തെ അഗാധമായ പാണ്ഡിത്യം നേടുകയായിരുന്നു. ഇതുകൊണ്ടുതന്നെ 'മഅ്ഖൂല്‍ ഉമര്‍ മുസ്‌ലിയാര്‍' എന്നായിരുന്നു ഉസ്താദിനെ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായപ്പെട്ടിരുന്നത്.
നീണ്ടകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗമായിരുന്ന അദ്ദേഹം ഒന്നരപതിറ്റാണ്ട് കാലത്തോളം പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജില്‍ മുദരിസും പ്രിന്‍സിപ്പലുമായും സേവനം ചെയ്തിട്ടുണ്ട്. പൊട്ടച്ചിറയിലെ സേവനത്തിനുപുറമെ മൂന്നുപതിറ്റാണ്ട് കാലത്തോളം മറ്റിടങ്ങളിലായും അധ്യാപന രംഗത്ത് കര്‍മനിരതനായിട്ടുണ്ട്. സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് ട്രഷററായിരുന്ന അദ്ദേഹം മലപ്പുറം, പാലക്കാട് ജില്ലകളിലെ മുശാവറാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമര്‍ മുസ്‌ലിയാരുടെ ഒന്നാം ആണ്ടുദിനത്തില്‍ ഇന്ന് സാദാത്തുക്കളുടെയും ശിഷ്യഗണങ്ങളുടെയും മതപണ്ഡിതന്‍മാരുടെയും നേതൃത്വത്തില്‍ കാപ്പ് ജുമാമസ്ജിദില്‍ രാവിലെ പത്തുമുതല്‍ സിയാറത്ത്, ഖത്മുല്‍ ഖുര്‍ആന്‍ സദസ്, മൗലീദ് പാരായണം, അന്നദാനം എന്നിവ നടക്കും.
ഉമര്‍ മുസ്‌ലിയാരുടെ മാതൃകാ ജീവിതം കൂടുതല്‍ മനസിലാക്കുന്നതിനായി കീഴാറ്റൂരില്‍ ദീനീവിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു. ഉസ്താദിന്റെ സ്മരണയില്‍ ഒരുങ്ങുന്ന സ്മാരകനിലയം അടുത്തുതന്നെ നാടിനായി സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."