കോഴിക്കോട് മെഡിക്കല്‍ കോളജിനെ തകര്‍ക്കരുത്
കഴിഞ്ഞ കുറെ ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാത്ത്‌ലാബ് അടഞ്ഞുകിടക്കുകയാണ്. ആയിരക്കണക്കിനു രോഗികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സ്റ്റെന്റും അനുബന്ധ മരുന്നുകളും നിര്‍ധനരായ രോഗികള്‍ക്കു കിട്ടേണ്ട സൗജന്യ മരുന്നും ഇല്ലാതായതോടെയാണ് കാത്ത്‌ലാബിന് താഴ് വീണത്. ഇതുകാരണം ഹൃദ്രോഗികളടക്കമുള്ളവര്‍ ചികിത്സ കിട്ടാതെ മടങ്ങുകയാണ്. മരുന്നു കമ്പനികള്‍ക്കും സ്റ്റെന്റ് കമ്പനികള്‍ക്കും നല്‍കാനുള്ള തുകയില്‍ കുടിശ്ശിക വരുത്തിയതാണ് സ്റ്റെന്റ് വിതരണവും മരുന്ന് വിതരണവും നിലയ്ക്കാനുള്ള കാരണമായി പറയുന്നത്.
മരുന്നിന്റെയും സ്റ്റെന്റിന്റെയും വിതരണം നിലച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആരോഗ്യ മന്ത്രിയോ സര്‍ക്കാരോ ഇതേപ്പറ്റി അന്വേഷിക്കാന്‍ പോലും തയാറായിട്ടില്ല. ഇരുപതിലധികം ഹൃദ്രോഗികള്‍ക്കു നേരത്തെ മെഡിക്കല്‍ കോളജില്‍നിന്ന് ചികിത്സയ്ക്കായി എത്താന്‍ അറിയിപ്പു വന്നതാണ്. പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നവരായിരുന്നു ഇവര്‍. ആശുപത്രിയില്‍ അഡ്മിറ്റിനായി എത്തിയപ്പോഴാണ് രോഗികള്‍ കാത്ത്‌ലാബ് പ്രവര്‍ത്തിക്കാതിരിക്കുന്നത് മനസിലാക്കുന്നത്.
ഇതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. സ്റ്റെന്റ് ഇല്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ പതിനഞ്ചോളം പേര്‍ക്കാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യാതെ മാറ്റിവച്ചത്. പലരോടും സ്വകാര്യ ആശുപത്രികളിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നത് സംശയങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളെയും സ്വകാര്യ മെഡിക്കല്‍ കോളജുകളെയും സഹായിക്കുന്ന നടപടികളാണോ സ്റ്റെന്റുകളുടെ ദൗര്‍ലഭ്യത്തിന് കാരണം എന്ന് തോന്നിപ്പോവുക സ്വാഭാവികം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍ജിയോ പ്ലാസ്റ്റി ചികിത്സയ്ക്ക് ഒരുലക്ഷം മാത്രം ചെലവു വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഭീമമായ തുക ചെലവഴിക്കേണ്ടിവരുന്നു. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ക്കും വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയില്‍നിന്ന് സ്റ്റെന്റ് ഇല്ലാത്തവിവരം മറച്ചുവയ്ക്കുകയും നെഞ്ചുവേദന ഗുരുതരമായപ്പോള്‍ അതു പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്ത സംഭവമാണ് സ്വകാര്യ ലോബിയെ സഹായിക്കാന്‍ മെഡിക്കല്‍ കോളജിനകത്തു തന്നെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നത്.
കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ സ്റ്റെന്റ് വിതരണവും അനുബന്ധ മരുന്നുകളും നിര്‍ത്തുമെന്ന് ബന്ധപ്പെട്ട കമ്പനികള്‍ ജനുവരിയില്‍ തന്നെ മെഡിക്കല്‍ കോളജ് അധികൃതരെ അറിയിച്ചതാണ്. എന്നിട്ടും ഇതു സംബന്ധിച്ച് നടപടികളെടുക്കുന്നതില്‍ ആശുപത്രി വികസന സമിതിയും ആശുപത്രി അധികൃതരും കടുത്ത അലംഭാവമാണ് കാണിച്ചത്. തുടര്‍ന്ന് കമ്പനികള്‍ സ്റ്റെന്റും മരുന്നും നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. പകര്‍ച്ചവ്യാധികളും വൈറല്‍ പനികളും വ്യാപകമായികൊണ്ടിരിക്കുന്ന ഒരവസരത്തില്‍ മലബാറിന്റെ ഏക ആശ്രയമായ ഈ സര്‍ക്കാര്‍ ആതുരാലയം ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറരുതായിരുന്നു. ഇതുകാരണം സ്വകാര്യ ആശുപത്രികളാണ് തടിച്ചുകൊഴുക്കുന്നത്.
അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന രോഗികള്‍ക്ക് 48 മണിക്കൂറിനകം സൗജന്യ ചികിത്സ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പറത്തിയവരാണ് സ്വകാര്യ ആശുപത്രി ഉടമകള്‍. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കണമെങ്കില്‍ ആദ്യം പണം അടയ്ക്കണമെന്നാണ് അവരുടെ നിലപാട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്റ്റെന്റ് ഇല്ലാത്തത് അമിതമായ വില ഈടാക്കാന്‍ സ്വകാര്യ ആശുപത്രി ലോബിക്ക് സഹായകമാകും.
ഒരുദിവസം ശരാശരി 15 മുതല്‍ 20 വരെ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയാണ് മെഡിക്കല്‍ കോളജില്‍ നടത്തിവന്നിരുന്നത്. അതു നിലച്ചതാണ് സ്വകാര്യ ആശുപത്രികള്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നിരിക്കുന്നത്. കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കും കത്തയച്ചെങ്കിലും ഇതുവരെ അതിനു മറുപടി കിട്ടിയതായി അറിവില്ല.
ആശുപത്രിയെ പൊതുസമൂഹത്തിനു മുന്‍പില്‍ ഇകഴ്ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആശുപത്രി വികസന സമിതിയില്‍നിന്ന് ഉണ്ടാകുന്നത് ഇതിനു പുറമെയാണ്. ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ഖാന്റെ പരിപാടിയില്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. അഖീല്‍ പങ്കെടുത്തതിനെ രാജ്യദ്രോഹമായി ചിത്രീകരിച്ചവരാണ് വികസന സമിതിയിലുള്ളത്. മെഡിക്കല്‍ കോളജിനെയും എന്‍.ഐ.ടിയെയും തകര്‍ക്കാന്‍ നേരത്തെതന്നെ ഗൂഢമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതിനു തെളിവാണ് കഴിഞ്ഞ മെയ് 13ന് നടന്ന ഈ സംഭവം.
മലബാര്‍ മേഖലയിലെ അഞ്ചു ജില്ലകളില്‍ നിന്നുള്ള നിര്‍ധനരായ രോഗികളുടെ ഏക ആശ്രയമാണ് 1957ല്‍ സ്ഥാപിതമായ കോഴിക്കോട് മെഡിക്കല്‍ കോളജ്. കേരളത്തിലെ അഞ്ചില്‍ രണ്ടു ഭാഗം ജനങ്ങള്‍ ഈ മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും എണ്ണത്തിലുള്ള കുറവും സ്ഥലപരിമിതിയും ഈ സ്ഥാപനത്തെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നത്. മലബാറിന്റെ ഏക ആശ്രയമായ ഈ മെഡിക്കല്‍ കോളജ് നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതു നിറവേറ്റുക തന്നെ വേണം. സ്റ്റെന്റ് കമ്പനികള്‍ക്കു നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ക്കാനുള്ള നടപടികളും ഉടനെ ഉണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."