ഇറ്റാലിയന്‍ മാഫിയ തലവന്‍ ഉറുഗ്വെ ജയില്‍ ചാടി
മോന്റെവിഡിയോ: ഇറ്റാലിയന്‍ മാഫിയ തലവന്‍, കൊക്കൈന്‍ രാജാവെന്ന് അറിയപ്പെടുന്ന റാക്കോ മൊറാബിറ്റോ ഉറുഗ്വെന്‍ ജയില്‍ ചാടി. ഇറ്റലിയിലേക്ക് ഇദ്ദേഹത്തെ നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് തലസ്ഥാനമായ മോന്റെവിഡിയോയിലെ പൊലിസ് തടങ്കലില്‍ നിന്നാണ് രക്ഷപ്പെട്ടത്.
ജയിലിന്റെ മേല്‍ക്കൂരയില്‍ ദ്വാരമുണ്ടാക്കിയാണ് മൂന്ന് സഹ തടവുകാര്‍ക്കൊപ്പം റാക്കോ മൊറാബിറ്റോ ജയില്‍ ചാടിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ബ്രസീലിലേക്കും അര്‍ജന്റീനയിലേക്കും നാടുകടത്താന്‍ വിധിക്കപ്പെട്ടവരും രക്ഷപ്പെട്ടവരിലുണ്ടെന്ന് ഉറുഗ്വെ സര്‍ക്കാര്‍ പറഞ്ഞു. കരീബിയയിലെ ക്രിമിനല്‍ സംഘമായ മൊറാബിറ്റോയുടെ തലവനായ ഇദ്ദേഹത്തെ 2017ല്‍ ഉറുഗ്വെയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. 23 വര്‍ഷത്തെ തിരച്ചിലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
7.64 മില്യന്‍ ഡോളറിന്റെ കൊക്കൈന്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇറ്റലി ഇദ്ദേഹത്തെ 30 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. 1994 മുതല്‍ ഇറ്റലി ഇയാളെ അന്വേഷിക്കുന്നുണ്ട്. പരിഭ്രമിപ്പിക്കുന്നതും ഗൗരവതരവുമായ വാര്‍ത്തയാണിതെന്ന് ഇറ്റലി ആഭ്യന്തര മന്ത്രി മാറ്റോ സാല്‍വിനി പറഞ്ഞു.
സുരക്ഷിതമായ തടങ്കലില്‍ നിന്ന് കുറ്റവാളി എങ്ങനെ രക്ഷപ്പെട്ടെന്നതിന്ന് ഉറുഗ്വെ സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കണം. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. ഇറ്റലിയിലേക്ക് നാടുകടത്തുന്നതില്‍ നിന്ന് ഒഴിവാക്കാനായി റാക്കോ മൊറാബിറ്റോ നിരവധി തവണ ശ്രമിച്ചിരുന്നു. നടപടികള്‍ സസ്‌പെന്റ് ചെയ്യാനായി വിചാരണക്കിടെ ഇദ്ദേഹം ജഡ്ജിയെ അപമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."