വൈദ്യുതിക്കാലുകളിലെ അനധികൃത ടി.വി കേബിളുകള്‍ അഴിച്ചുമാറ്റും
കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ വൈദ്യുതിത്തൂണുകളില്‍ അനധികൃതമായി സ്ഥാപിച്ച ടി.വി കേബിളുകള്‍ അഴിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി അപകട നിവാരണ സമിതി അറിയിച്ചു.
ജില്ലയിലെത്തുന്ന വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങള്‍ നിയമപ്രകാരം ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ക്ക് മാത്രമേ നല്‍കാന്‍ അനുമതിയുള്ളൂ.
അല്ലെങ്കില്‍ സുരക്ഷാ വീഴ്ചയായി കണക്കാക്കുമെന്നും ഡെപ്യൂട്ടി ചീഫ് ഇലകട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സി.ജി. സുരേഷ് അറിയിച്ചു
വൈദ്യുത ലൈനിന് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ കയറ്റാനോ ഇറക്കാനോ അനുമതി നല്‍കില്ല. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോര്‍മറിലും പോസ്റ്റുകളിലും പൊതുജനങ്ങള്‍ കയറി അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ശ്രമിക്കരുത്.
കെ.എസ്.ഇ.ബി ലൈനിനു മുകളിലേക്കും വൈദ്യുതി തൂണിനു സമീപത്തേക്കും മുറിഞ്ഞുവീഴാന്‍ സാധ്യതയുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിനായി ഉടന്‍ നടപടികളാരംഭിക്കും. ജില്ലയില്‍ 2016-17ല്‍ വൈദ്യുത അപകടത്തിലൂടെ 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."