സംസ്ഥാനത്ത് മൂന്ന് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിക്കും: മന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ മാതൃകയില്‍ പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ലോക നിലവാരമുള്ള അത്യാധുനിക പരിശീലന സൗകര്യങ്ങളാകും ഇവിടെ ഒരുക്കുകയെന്നും കായിക യുവജനക്ഷേമ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു. കായിക വകുപ്പ് ഏറ്റെടുത്ത ജി.വി രാജ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഈ വര്‍ഷം സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കായിക താരങ്ങള്‍ക്ക് വിദേശ പരിശീലകരുടെ സേവനം ലഭ്യമാക്കും. നിലവിലുള്ള പരിശീലകര്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്താനായി പരിശീലന പദ്ധതി ആവിഷ്‌ക്കരിക്കും. നമ്മുടെ കായികതാരങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും മികവുള്ള കൂടുതല്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും നാല് കായിക ഇനങ്ങളിലായി കായിക അക്കാദമികള്‍ ആരംഭിക്കും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഷൂട്ടിങ്, കുമാരപുരത്ത് ടെന്നിസ്, ഇടുക്കിയില്‍ വോളിബോള്‍, വയനാട്ടില്‍ അമ്പെയ്ത്ത് എന്നിങ്ങനെയാണ് കായിക വകുപ്പ് അക്കാദമികള്‍ തുടങ്ങുക. വിദേശത്തു നിന്നടക്കമുള്ള വിദഗ്ധരായ പരിശീലകര്‍ ഇവിടെ ഉണ്ടാകും. അത്യാധുനിക ഉപകരണങ്ങളും ശാസ്ത്രീയ പരിശീലന രീതികളുമായിരിക്കും ഉപയോഗിക്കുക.
ചെറുപ്രായത്തില്‍ തന്നെ പ്രതിഭയുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ വിവിധ കായിക ഇനങ്ങളിലായി വിപുലമായ പദ്ധതികള്‍ക്ക് തുടക്കമിടും. ആദ്യ ഘട്ടത്തില്‍ മൂന്ന് ജില്ലകളിലായി ആറ് കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കും. ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോളില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കിക്കോഫ് എന്ന പേരില്‍ 19 കേന്ദ്രങ്ങളില്‍ പരിശീലന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം 14 ജില്ലകളില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലനം ആരംഭിക്കും. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ആരോഗ്യ സംരക്ഷണത്തിന് കായികവകുപ്പ് വിവിധ ജില്ലകളിലായി 8 സ്‌പോര്‍ട്‌സ് ലൈഫ് എന്ന പേരില്‍ ഫിറ്റ്‌നെസ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതുതായി 10 സ്ഥലങ്ങളില്‍കൂടി ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."