സിഎജി റിപ്പോര്‍ട്ട്: സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് നുണ പറഞ്ഞ് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്ന് പറഞ്ഞാണ് ഐസക് മാധ്യമങ്ങളെ കണ്ടത്. സിഎജി വാര്‍ത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചെന്നും ചെന്നിത്തല പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ രഹസ്യാത്മക സ്വഭാവം കാത്തുസൂക്ഷിക്കാതെയാണ് മന്ത്രി പെരുമാറിയത്. ധനസെക്രട്ടറിക്ക് കിട്ടേണ്ട കത്ത് മന്ത്രി മോഷ്ടിച്ചതാണോയെന്നും, കരടാണോ അന്തിമമാണോ എന്ന് പോലും അറിയാത്ത ആളാണോ ധനമന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു
കരടാണോ അന്തിമറിപ്പോര്‍ട്ടാണോ എന്നതല്ല, സിഎജി റിപ്പോര്‍ട്ടിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചാണ് അറിയേണ്ടതെന്ന ധനമന്ത്രിയുടെ വാദവും പ്രതിപക്ഷനേതാവ് തള്ളി. നിലവില്‍ ധനമന്ത്രി പുറത്തുവിട്ടത് കരട് റിപ്പോര്‍ട്ടാണോ അന്തിമറിപ്പോര്‍ട്ടാണോ എന്നത് തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും, ഇതിലെ ചട്ടലംഘനം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു മന്ത്രിയും ഇത്തരത്തില്‍ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിന് മുമ്പ് പുറത്തുവിട്ടിട്ടില്ല. ജനങ്ങളെയും സഭയെയും തെറ്റിദ്ധരിപ്പിക്കാനാണ് ഐസക് ഇതിനെല്ലാം മുമ്പ് നേരത്തേകൂട്ടി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രതിപക്ഷം ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും ആയതിനാല്‍ മന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഭരണപക്ഷത്തെ ചോദ്യം ചെയ്താല്‍ അത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള നീക്കമാണെന്നുള്ള വാദം നിര്‍ത്തി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
ഉയര്‍ന്ന പലിശയ്ക്ക് മസാല ബോണ്ട് വാങ്ങിയത് ലാവലിന്‍ കമ്പനിയെ സഹായിക്കാനാണെന്നും ചെന്നിത്തല വീണ്ടും ആവര്‍ത്തിച്ചു. മസാല ബോണ്ടുകള്‍ക്ക് സുതാര്യതയില്ല. 9.37 ശതമാനം എന്ന ഉയര്‍ന്ന പലിശയ്ക്ക് എന്തിനാണ് മസാല ബോണ്ടിറക്കിയതെന്നും, ലാവലിന്‍ കമ്പനിയുമായി എന്താണ് മസാല ബോണ്ടിന് ബന്ധമെന്നും അദ്ദേഹം ചേദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."