മത്സ്യ വില്‍പനയുടെ മറവില്‍ മദ്യവില്‍പന നടക്കുന്നതായി പരാതി
ചീമേനി: മലയോര പ്രദേശത്ത് വാഹനങ്ങളില്‍ മീന്‍ വില്‍പനയോടൊപ്പം മദ്യത്തിന്റെയും കഞ്ചാവിന്‍രെയും വില്‍പ്പന തകൃതിയായതായി ആക്ഷേപം. ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമായി മത്സ്യ വില്‍പനക്കെത്തുന്നവരാണ് അനധികൃത മദ്യകച്ചവടത്തിനും കഞ്ചാവിനും ഇടനിലക്കാരായി മാറുന്നതെന്നാണ് പരാതി. മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് പേരിനു മാത്രം മത്സ്യം ലേലം വിളിച്ചെടുക്കുന്ന ഇത്തരക്കാര്‍ നീലേശ്വരത്തെ ബീവറേജ് ഔട്ട് ലെറ്റില്‍ നിന്നും വിദേശമദ്യക്കുപ്പികള്‍ വാങ്ങി മത്സ്യം സൂക്ഷിക്കുന്ന പെട്ടിയിലാക്കി ഐസില്‍ പൂഴ്ത്തിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നത്. ഇത്തരത്തില്‍ എത്തിക്കുന്ന മദ്യക്കുപ്പികള്‍ ഇരട്ടിയലധികം തുക നല്‍കി വാങ്ങാന്‍ ആവശ്യക്കാര്‍ തയ്യാറാകുന്നത് ഇത്തരക്കാര്‍ക്ക് വളമാവുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ ഇത്തരക്കാരിലേക്ക് എത്താത്തതും ഇവര്‍ക്ക് സൗകര്യമാണ്. ഫോണ്‍ മുഖേനയും മറ്റും നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ എത്തിക്കാനും ചില ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാത്ത കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഉള്‍നാടുകളില്‍ മത്സ്യം വാങ്ങാന്‍ ആശ്രയിക്കുന്നത് വാഹനങ്ങളിലെത്തുന്ന ഇത്തരം മത്സ്യ വില്‍പനക്കാരെയാണ്. വളരെ ഉത്തരവാദിത്തത്തോടെയും മാന്യമായും മത്സ്യക്കച്ചവടം നടത്തുന്നവരെക്കൂടി സംശയത്തോടെ വീക്ഷിക്കാന്‍ ഇത്തരം അനധികൃത മദ്യവില്‍പനക്കാര്‍ കാരണമാകുന്നുണ്ടെന്ന് സ്ഥിരമായി നല്ല രീതിയില്‍ മത്സ്യവില്‍പന നടത്തുന്ന തൊഴിലാളികള്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."