ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ 2.5 കോടി കൂടി പിടികൂടി
സ്വന്തം ലേഖകന്‍
കൊച്ചി: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് റെയ്ഡില്‍ 2.5 കോടി രൂപ കൂടി പിടികൂടി. ഇന്നലെ സഭയുമായി ബന്ധപ്പെട്ട് തിരുവല്ലയിലെ ഒരു ഫ്‌ളാറ്റില്‍നിന്നു രണ്ട് കോടി രൂപയും 50 ലക്ഷം രൂപ മറ്റൊരു വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. 17 കോടി രൂപയാണ് ഇതുവരെയുള്ള റെയ്ഡില്‍ പിടിച്ചെടുത്തത്. അതിനിടെ തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സഭാ അധ്യക്ഷന്‍ ഡോ. കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കി.
സഭാ സിനഡിന്റെ പേരിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വിദേശത്തുള്ള യോഹന്നാനോ അദ്ദേഹത്തിന്റെ പ്രതിനിധിയോ തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. യോഹന്നാന്‍ വിദേശത്തായതിനാല്‍ സഭാ സഹായ മെത്രാനോ സഭാ വക്താവോ ഹാജരാകും എന്നാണ് വിവരം.
ഈ മാസം അഞ്ചിന് പുലര്‍ച്ചെ മുതലാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലും സഭാ ആസ്ഥാനത്തുമടക്കം ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയത്. പിറ്റേന്നു മുതല്‍ ഇ.ഡി കൂടി പരിശോധനയില്‍ ചേര്‍ന്നു. അഞ്ചു ദിവസത്തെ റെയ്ഡില്‍ നിരോധിച്ച നോട്ടുകളടക്കം 14.5 കോടി രൂപയാണ് പിടിച്ചെടുത്തത്. രണ്ടു മാസത്തോളം പരിശോധനകള്‍ നീളുമെന്നും അന്വേഷണ സംഘം വ്യകതമാക്കിയിരുന്നു. തുടര്‍ പരിശോധനയുടെ ഭാഗമായാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
സഭയ്ക്കു കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. വിദേശ സംഭാവനാ നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലീവേഴ്‌സ് സ്ഥാപനങ്ങളിലെ പരിശോധനയിലൂടെ പുറത്തുവന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ച് കണക്കില്‍പ്പെടാത്ത 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."