കിഫ്ബി: തോമസ് ഐസക് രാജിവയ്ക്കണമെന്ന് വി.ഡി സതീശന്
കൊച്ചി: ഭരണഘടനാ സ്ഥാപനത്തെ ആക്ഷേപിച്ച് ദുര്‍ബലപ്പെടുത്തുകയും നിയമപരമായ നടപടികളെ കാറ്റില്‍ പറത്തുകയും ചെയ്ത ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് വി.ഡി സതീശന് എം.എല്‍.എ. സി ആന്‍ഡ് എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ത്തിയെടുത്ത് ധനമന്ത്രി പരസ്യപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണ്.
തോമസ് ഐസക്കിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും വി.ഡി സതീശന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ചോര്‍ത്തിയത് കരട് റിപ്പോര്‍ട്ടാണെന്നും ഫൈനല്‍ റിപ്പോര്ട്ടല്ലെന്നുമുള്ള ധനമന്ത്രിയുടെ വാദം കളവാണെന്ന് തെളിഞ്ഞിരിക്കുന്നു.
സുപ്രധാനമായ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ മൂന്നു കോപ്പികളിലൊന്ന് ധനവകുപ്പില്‍ കാണാനില്ലെന്ന ധനമന്ത്രിയുടെ വാദം വിചിത്രമാണ്. കിഫ്ബിയെ കുറിച്ച് തോമസ് ഐസക് കെട്ടിപ്പൊക്കിയ വ്യാജ പ്രതിച്ഛായ തകരുമെന്ന് മുന്‍കൂട്ടി കണ്ടാണ് ധനമന്ത്രി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് ചര്‍ച്ചയാക്കിയതെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
മസാല ബോണ്ട് വാങ്ങിക്കാനുള്ള തീരുമാനത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സതീശന് പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമ്പോള്‍ ജനങ്ങള്‍ ഞെട്ടുമെന്നും അതിന്റെ ആഘാതം കുറയ്ക്കുന്നതിനുവേണ്ടി മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണ് തോമസ് ഐസക്ക് ഇപ്പോള്‍ ചെയ്തതെന്നും സതീശന് പറഞ്ഞു.
ഐസക്കുമായി തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."