വകുപ്പുതല അന്വേഷണങ്ങള്‍ തുടങ്ങി
തൊടുപുഴ: വ്യവസായ വകുപ്പ് പൊതുമേഖലാ സ്ഥാപനങ്ങളായ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍, കുറ്റിപ്പുറം മാല്‍കോടെക്‌സ് സ്പിന്നിങ് മില്ലുകളില്‍ ചീഫ് എക്‌സിക്യൂട്ടീവ്, മാനേജിങ് ഡയരക്ടര്‍ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം തുടങ്ങി.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടി വരും. തൃശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടര്‍ നിയമനം റദ്ദ് ചെയ്യണമെന്നാവശ്യപെട്ട് സ്റ്റാഫ് യൂനിയന്‍ നേതാവ് വിപിന്‍. ആര്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് എം.ഡി നിരന്തരമായി മാനസിക പീഡനം നടത്തുന്നതായും വധഭീഷണി ഉയര്‍ത്തുന്നതായും ചൂണ്ടിക്കാണിച്ച് വിപിന്‍ തൃശൂര്‍ എസ്.പിക്കും വടക്കാഞ്ചേരി എസ്.ഐ.ക്കും പരാതി നല്‍കിയിരുന്നു.
പരാതി നേരിട്ട് നല്‍കിയിട്ടും രണ്ട് തവണ എസ്.ഐയെ നേരില്‍ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ചിട്ടും രാഷ്ട്രീയ സ്വാധീനത്താല്‍ പൊലിസ് അന്വേഷണം ആരംഭിക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിരുന്നില്ല.
തുടര്‍ന്ന് വ്യവസായ സെക്രട്ടറി, തൃശൂര്‍ എസ്.പി, വടക്കാഞ്ചേരി എസ്.ഐ, തൃശൂര്‍ സ്പിന്നിങ് മില്‍ എം.ഡി എന്നിവരെ എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ കോടതി പൊലിസിന് നിര്‍ദേശം നല്‍കി.
കേസ് 24നു വീണ്ടും പരിഗണിക്കും. ഇതോടെയാണ് പൊലിസ് ഇന്നലെ തൃശൂര്‍ മില്ലില്‍ എത്തി അന്വേഷണം ആരംഭിച്ചത്. എം.ഡിയോട് അടുത്ത ദിവസം വടക്കാഞ്ചേരി സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മില്ലില്‍ ഇന്നലെയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക തെളിവെടുപ്പ് നടത്തി. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എം.ഡിയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ആലപ്പി മില്ലിലെ സസ്‌പെന്‍ഷനിലുള്ള ജി.എമ്മിന്റെ പോസ്റ്റ് തട്ടിയെടുക്കാനായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ആലപ്പി മില്‍ ജന. മാനേജര്‍ കം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കെതിരേ ആലപ്പുഴ എസ്.പി. ഓഫിസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇ.പി.എഫ് ഫണ്ട് തിരിമറി വിഷയത്തില്‍ തൃശൂര്‍ മില്‍ എം.ഡിക്ക് എതിരേ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും ബാങ്ക് അക്കൗണ്ട് ഫ്രീസും ചെയ്തിരുന്നു. കണ്ണൂര്‍, കുറ്റിപ്പുറം മാല്‍കോടെക്‌സിലും ജീവനക്കാരില്‍ നിന്ന് ഇ.പി.എഫ്. പിരിച്ചത് അടയ്ക്കാതെ തിരിമറി നടത്തിയതിന് ഇ.പി.എഫ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിയമ വിരുദ്ധ എം.ഡി നിയമനങ്ങള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹരജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി നോട്ടിസ് അയച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."