കമല ഹാരിസിനെതിരേയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് നീക്കംചെയ്തു
വാഷിങ്ടണ്‍: അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരായ വംശീയ പരാമര്‍ശങ്ങള്‍ നീക്കംചെയ്ത് ഫേസ്ബുക്ക്. വിവിധ പേജുകളില്‍ വന്ന വംശീയ അധിക്ഷേപ പരാമര്‍ശങ്ങളും കമന്റുകളുമാണ് നീക്കം ചെയ്തത്.
കമല ഹാരിസ് അമേരിക്കക്കാരി അല്ല, അവര്‍ പൂര്‍ണമായും കറുത്തവര്ഗക്കാരിയല്ല, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ പരാമര്‍ശങ്ങളാണ് ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്നത്. കമലയുടെ പേരിനെ പരിഹസിച്ചും ചില പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ചില പേജുകളില്‍ ലൈംഗികച്ചുവയുള്ള വാക്കുകളും പരാമര്‍ശങ്ങളും കമലയ്ക്ക് നേരെ ഉയര്‍ന്നിരുന്നു.
1500 മുതല്‍ 4000 അംഗങ്ങളുള്ള ഫേസ്ബുക് ഗ്രൂപ്പുകളിലാണ് ഇത്തരം ചര്‍ച്ചകളും പ്രതികരണങ്ങളും ഉയര്‍ന്നുവന്നത്. തുടര്‍ന്ന് ഇത്തരം പരാമര്‍ശം നടത്തിയ ചില പേജുകള്‍ ഫേസ്ബുക് നീക്കംചെയ്യുകയായിരുന്നു. കമല ജനിച്ചത് കാലിഫോര്‍ണിയയിലാണെങ്കിലും മാതാവ് ഇന്ത്യക്കാരിയും പിതാവ് ജമൈക്കക്കാരനുമാണ്. യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവംശക്കാരിയാണ് 56കാരിയായ കമല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."