മോദിയുടെ ഏകസിവില്‍കോഡ് പരാമര്‍ശം: കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഏകസിവില്‍കോഡിനെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള അവസരം കോണ്‍ഗ്രസ് ഉപയോഗിച്ചില്ലെന്ന പരാമര്‍ശത്തിനെതിരേയാണ് കുഞ്ഞാലികുട്ടി നോട്ടിസ് നല്‍കിയത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം അപകടകരമാണന്നും പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നുവെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി തന്നെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയതിലൂടെ സര്‍ക്കാരിന്റെ ഒളിയജന്‍ഡ വെളിച്ചത്തായിരിക്കുകയാണ്.
മുത്വലാഖ് ബില്ല് പാസാക്കുന്നതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ഏകസിവില്‍കോഡ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് ഫലത്തില്‍ ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നതിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."