ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാരം- ചെന്നിത്തല
കൊച്ചി: മുഖ്യമന്ത്രി ഇടപെട്ടു നടത്തിയ അറസ്റ്റാണ് ഇബ്രാഹിം കുഞ്ഞിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാരമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടിയാണിതെന്നും വഴിവിട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഇന്ന് രാവിലെ ലേക്ക്ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിയെ അറസ്റ്റ് ചെയ്യാനായി ഇന്ന് അതിരാവിലെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ കയറി പരിശോധന നടത്തി. കുറച്ചു പേര് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.
ആശുപത്രിയിലെത്തിയ വിജിലന്‍സ് സംഘം ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയുടെ ഉത്തരവിന്‍മേലാണെന്നാണ് പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ സെക്രട്ടറി ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് പ്രതി ചേര്‍ത്തത്. ഫെബ്രുവരിയില്‍ മൂന്ന് വട്ടം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."