ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ ആരോപണ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഭീഷണിപ്പെടുത്തി പണം തട്ടലാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും അവര്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പ്രാസിക്യൂഷന്‍ വാദം.
ബിഹാറി സ്വദേശിയായ യുവതി ജൂണ്‍ 13നാണ് മുംബൈ ഓഷിവാര പൊലിസ് സ്റ്റേഷനില്‍ ബിനോയ്‌ക്കെതിരേ പീഡന പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലിസ് കേരളത്തിലെത്തിയപ്പോഴേക്കും ബിനോയ് ഒളിവില്‍ പോയിരുന്നു. കളിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയ് ജാമ്യാപേക്ഷ നല്‍കിയത്. ഭീഷണിപ്പെടുത്തി പണം തട്ടാലാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് വാദിച്ച ബിനോയുടെ അഭിഭാഷകന്‍ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടി.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പൊലിസില്‍ പരാതിപ്പെട്ടിരിക്കുന്നത്. എന്നാല്‍ അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് യുവതി അയച്ച വക്കീല്‍ നോട്ടിസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതായാണ് യുവതി പറയുന്നത്. 2010 ജൂലൈ 22ന് ജനിച്ച ആണ്‍ക്കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നും ഇരുവരും വിവാഹം ചെയ്തതായി 2015 ജനുവരി 28ന് മുംബൈ നോട്ടറിക്ക് മുമ്പാകെ സത്യവാങ്മൂലം രേഖപ്പെടുത്തിയെന്നുമാണ് യുവതി പറയുന്നത്. എന്നാല്‍ ഈ സമയത്ത് ബിനോയ് ദുബൈയിലാണെന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്റെ രേഖകള്‍ പ്രതിഭാഗം കോടതിയ്ക്ക് കൈമാറി.
എന്നാല്‍ വിവാഹവാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് പ്രാസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ബിനോയിയും യുവതിയും ഒന്നിച്ച് താമസിച്ചതിന്റെ രേഖകള്‍ പൊലിസ് കോടതിയില്‍ നല്‍കി. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണമെന്നും ബിനോയ്ക്കെതിരേയുള്ളത് ഗുരുതര കുറ്റമായതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രാസിക്യൂഷന്‍ വാദിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാകും അഡിഷനല്‍ സെഷന്‍സ് ജഡ്ജ് എം.എച്ച് ഷെയ്ക്ക് ഉത്തരവ് നല്‍കുക. ഒളിവിലുള്ള ബിനോയ്‌ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തുവിട്ടിട്ടുണ്ട്. ബിനോയ് രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ജാമ്യം കിട്ടിയതിനു ശേഷം പൊലിസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് എന്നറിയുന്നു. എന്നാല്‍ ബിനോയ്ക്കെതിരേ ശക്തമായ തെളിവുകളുള്ളതിനാല്‍ കോടതി ജാമ്യം അനുവദിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്. കേസിന്റെ ഉത്തരവിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ പൊലിസ് അറിയിച്ചു.
ബിനോയ് കോടിയേരിക്കെതിരായി പരാതിക്കാരിയുടെ കുടുംബം കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പലതവണ പണമയച്ചതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. നേരത്തെ, യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നു രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."