കാര്‍ത്തി ചിദംബരത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) കേസെടുത്തു. കാര്‍ത്തി ചിദംബരം, ഐ.എന്‍.എക്‌സ് മീഡിയ, ഡയരക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി തുടങ്ങിയവര്‍ക്കെതിരേയാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പി.എം.എല്‍.എ)പ്രകാരം കേസെടുത്തത്. അതിനിടെ അറസ്റ്റ് ഭയന്ന് കാര്‍ത്തി ലണ്ടനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, നേരത്തെ ഏറ്റെടുത്ത പരിപാടികളില്‍ പങ്കെടുക്കാനാണ് വിദേശത്തെത്തിയതെന്ന് ചിദംബരം പറഞ്ഞു.
നേരത്തെ സി.ബി.ഐ ഇവര്‍ക്കെതിരേ സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ് ഇ.ഡിയുടെ നടപടി. പൊലിസ് എഫ്.ഐ.ആറിനു തുല്യമായ ഇ.ഡിയുടെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്(ഇ.സി.ഐ.ആര്‍) ആണ് ഇവര്‍ക്കെതിരേ ഫയല്‍ ചെയ്തത്. പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടലുണ്ടെന്ന് ആരോപിച്ചാണ് സി.ബി.ഐയുടെ കേസ്. കേസില്‍ തുടരന്വേഷണം നടത്തുന്ന ഇ.ഡി ചിലരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നാലു നഗരങ്ങളിലുള്ള കാര്‍ത്തി ചിദംബരത്തിന്റെ വീടുകളിലും ഓഫിസുകളിലുമായി സി.ബി.ഐ തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെനിന്ന് 10 ലക്ഷം രൂപയുടെ വൗച്ചറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 2007ല്‍ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി ഐ.എന്‍.എക്‌സ് മീഡിയക്ക് 486 കോടി രൂപ അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നുവെന്നാണ് സി.ബി.ഐ കേസ്. ഇതില്‍ കീര്‍ത്തി ഇടപെട്ടുവെന്നാണ് ആരോപണം.
ചിദംബരവും മകനും ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയമായ വേട്ടയാണിതെന്ന് പി. ചിദംബരം സി.ബി.ഐ അന്വേഷണത്തോട് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."